Advertisment

നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഏകദേശ ചിത്രം ഇന്ന് വൈകിട്ടോടെ അറിയാം.പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്.പ്രചാരണത്തിന് മുന്നണികളുടെ പ്രധാന നേതാക്കൾ കൂടി എത്തുന്നതോടെ ആവേശം കൊടിമുടി കയറും

New Update
vote_kerala.jpg.webp

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ  നാമനിർദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും.ഇനിയും പത്രിക സമർപ്പിക്കാനുളള മുന്നണി സ്ഥാനാർത്ഥികൾ ഇന്ന് പത്രിക നൽകും.ഇന്നലെ വരെ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 143 

സ്ഥാനാര്‍ത്ഥികളാണ് പത്രിക സമർപ്പിച്ചത്.

Advertisment

പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിൻെറ ഏകദേശ ചിത്രം വ്യക്തമാകും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. ഈമാസം 8 വരെ പത്രികകൾ പിൻവലിക്കാൻ സമയമുണ്ട്. നാമ നി‍ർദ്ദേശ പത്രികകൾ പിൻവലിക്കാനുളള സമയം കൂടി കഴിയുന്നതോടെ 20 മണ്ഡലങ്ങളിലെയും അന്തിമ മത്സരചിത്രം തെളിയും.

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28നാണ് പുറപ്പെടുവിച്ചത്. അന്ന് മുതൽ പത്രിക സമർപ്പിക്കാൻ കഴിയുമായിരുന്നു. ഇതിനിടയിൽ  അവധി ദിവസങ്ങൾ വന്നതിനാൽ  3 ദിവസം പത്രിക സ്വീകരിച്ചിരുന്നില്ല.പത്രിക നൽകുന്നതിനുളള അവസാന ദിവസമായി ഇന്ന് ആലപ്പുഴയിൽ കെ.സി.വേണു ഗോപാലും എ.എം.ആരിഫും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും പത്രിക സമർപ്പിക്കും.

ഇന്നലെ വരെ സംസ്ഥാനത്ത് 143 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമർപ്പിച്ചത്. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. അതുൾപ്പടെ മൊത്തം 234 നാമനിര്‍ദ്ദേശ പത്രികകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.മാവേലിക്കര മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാ‍ർത്ഥി സി.എ.അരുൺകുമാറിൻെറ ഡമ്മി സ്ഥാനാർത്ഥിയായി പ്രിജി ശശിധരനും പത്രിക നൽകിയിട്ടുണ്ട്.

കൊല്ലം, തൃശൂർ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. പതിനൊന്ന് വീതം സ്ഥാനാർത്ഥികളാണ് കൊല്ലത്തും തൃശൂരും പത്രിക നൽകിയിരിക്കുന്നത്. മൂന്ന് പത്രികകൾ മാത്രം ലഭിച്ച പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് നാമനിർദ്ദേശ പത്രികകൾ ലഭിച്ചത്.

പ്രമുഖ സ്ഥാനാർത്ഥികളുടെ അപരന്മാരുടെ രംഗപ്രവേശം ഇത്തവണ കാര്യമായി റിപോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അപരൻ പിടിച്ച വോട്ടിൽ 2004ൽ വി.എം.സുധീരൻ പരാജയം രുചിച്ച ആലപ്പുഴയിൽ ഇതുവരെ അപര സ്ഥാനാർത്ഥികളാരും പത്രിക നൽകിയിട്ടില്ല. വി.എസ്. അച്യുതാനന്ദൻെറ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയാണ്. 

തിരുവനന്തപുരം തുറവിക്കൽ സ്വദേശിയായി ഷാജഹാൻ ഇന്നലെ പത്രിക സമർപ്പിച്ചു. പത്രിക നൽകുന്നതിന് മുൻപ് തന്നെ മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിലെത്തിയ ഷാജഹാൻ കവലകൾ കേന്ദ്രീകരിച്ച് പ്രസംഗപരിപരിപാടികളും സംഘടിപ്പിച്ചിരുന്നു. നാമനി‍ർദ്ദേശ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതുവരെ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലെത്തിയും പ്രമുഖ വ്യക്തികളെ കണ്ടും കുടുംബയോഗങ്ങളിൽ പങ്കെടുത്തും പ്രചരണം നടത്തിയ സ്ഥാനാർ‍ത്ഥികൾ ഇനി സ്വീകരണ പര്യടന പരിപാടികളിലേക്ക് കടക്കും.

ഇതോടൊപ്പം എല്ലാ പ്രമുഖ മുന്നണികളുടെയും പ്രധാന നേതാക്കളും പ്രചാരണരംഗത്ത് എത്തുന്നതോടെ രംഗം കൊഴുക്കും.ഇടത് മുന്നണിയുടെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം തന്നെ സജീവമായി കഴിഞ്ഞു.വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൂടിയായ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക നൽകാനെത്തിയപ്പോൾ തന്നെ പ്രചാരണത്തിന് തുടക്കം കുറിച്ചു.

കേരളത്തിലെ സ്ഥാനാർത്ഥികളുടെ അഭ്യർ‍ത്ഥന മാനിച്ച് രാഹുൽഗാന്ധി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തിയേക്കും. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, അഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് , പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങിയവർ പ്രചാരണത്തിന് എത്തും.

Advertisment