/sathyam/media/media_files/3iwxylQbzlVzd9JEt719.jpg)
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 97 കോടി വോട്ടർമാരാണ് ഇന്ത്യയിലുള്ളതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടത്തുന്നത്. ആദ്യഘട്ടം വോട്ടെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. ആദ്യ ഘട്ടത്തിൽ (ഏപ്രില്‍ 19) തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടം ഏപ്രിൽ 26 ന് നടക്കും.
മൂന്നാം ഘട്ടം മെയ് 7നും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20നും ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നും ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1 നും നടക്കും.
1.5 കോടി ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിക്കുക. 10.5 കോടി പോളിങ്ങ് സ്റ്റേഷനുകളാണ് രാജ്യത്താകെ ഉണ്ടാവുക.1.82 കോടി പുതിയ വോട്ടർമാർ. ഇവരില്‍ 85 ലക്ഷം പേര്‍ പെണ്‍കുട്ടികളാണ്. 19.74 കോടി പേര്‍ യുവ വോട്ടര്‍മാരാണ്. തിരഞ്ഞെടുപ്പിനായി 55 ലക്ഷം വോട്ടിങ്ങ് മെഷീനുകൾ തയാറാണെന്ന് കമ്മീഷൻ അറിയിച്ചു.
85 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉള്ളവര്‍ക്കും വീടുകളില്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തും. സ്ത്രീവോട്ടന്മാരുടെ എണ്ണം വർദ്ധിച്ചതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. കായികമായി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമം ശക്തമായി തടയുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.
രാജ്യത്ത് ഇലക്ഷൻ നടത്തുന്നതിന് വിവിധ വെല്ലുവിളികൾ നേരിടേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കായികമായുള്ള വെല്ലുവിളികൾ,പണം ഉപയോഗിച്ചുള്ള വെല്ലുവിളികൾ, തെറ്റായ വിവരങ്ങളും ഫേക് ന്യൂസും പ്രചരിക്കുന്നത്, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്നത് എന്നിവയാണ് പ്രധാന വെല്ലുവിളികൾ.
ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതിൽ ഒതുങ്ങില്ല. റീ പോളിംഗ് സാധ്യതകൾ പരമാവധി ഒഴിവാക്കണം. തെരഞ്ഞെടുപ്പിനായി 2100 നിരീക്ഷകരെ നിയോഗിച്ചു ..കുട്ടികളെ തെരഞ്ഞെടപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് . സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെയും നടപടിയുണ്ടാകും .
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ അനുവദിക്കില്ല .എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും.ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും.