വെളളിയാഴ്ചത്തെ പോളിങ്ങ് മാറ്റണമെന്ന മുസ്ളീം സംഘടനകളുടെ ആവശ്യത്തിന് പിന്തുണയേറുന്നു. വോട്ടെടുപ്പ് തീയതി മാറ്റമമെന്ന ആവശ്യവുമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി വി.അബ്ദുറഹ്മാൻ. ആവശ്യത്തെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും; ആവശ്യം വ്യാപകമായതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിൽ മുസ്ളീം സംഘടനകൾ

New Update
abdurahiman Untitled50.jpg

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെടുപ്പ് വെളളിയാഴ്ച നിശ്ചയിച്ചതിന് എതിരായ മുസ്ളീം സംഘടനകളുടെ പ്രതിഷേധത്തിന് സർക്കാരിൻെറ പിന്തുണ. വെളളിയാഴ്ച വോട്ടെടുപ്പ് നടത്താനുളള തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- വഖഫ് മന്ത്രി വി.അബ്ദുറഹ്മാൻ രംഗത്തെത്തി.

Advertisment

Lok Sabha election dates announcement


ജുമ അ നമസ്കാരം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടത്തുന്നത് വിശ്വാസികളായ പലർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് വി.അബ്ദുറഹ്മാൻ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.


തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുൻപ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് പ്രതികരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തിയിട്ടുണ്ടാകാമെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു.

വെളളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി വെയ്ക്കണമെന്ന കേരളത്തിലെ മുസ്ളീം സംഘടനകളുടെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  വെളളിയാഴ്ച വോട്ടെടുപ്പ് നടത്താനുളള തീരുമാനം മാറ്റണമെന്ന ആവശ്യത്തെ പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് വെളളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

"വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ്  പ്രയാസങ്ങൾ ഉണ്ടാക്കും. തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം അവഗണിക്കാൻ കഴിയുന്ന ആവശ്യമല്ല. ഗണ്യമായ ജനവിഭാഗത്തിൻ്റെ ആവശ്യമാണത്. വെളളിയാഴ്ച ആരാധനാ ദിവസമാണ്." ബിനോയ് വിശ്വം പ്രതികരിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് തീയതി വെളളിയാഴ്ച നിശ്ചയിച്ചതിൽ കേന്ദ്രസർക്കാരിന് പങ്കൊന്നുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് . ഇക്കാര്യത്തിൽ സർക്കാരിന് പങ്കൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


മുസ്ളീം സംഘടനകൾ  ഇലക്ഷൻ കമ്മീഷന് പരാതി നൽകിയാൽ കമ്മീഷൻ തീരുമാനം എടുക്കും. നോമ്പ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതുകൊണ്ടാകും അതിന് ശേഷമുള്ള തീയതി തീരുമാനിച്ചതെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.


v muralidharan

കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26 എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ വെളളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിന് എതിരെ മുസ്ളീം സംഘടനകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമാണ് ആദ്യം പ്രതികരണം നടത്തിയത്.ആരാധനാ ദിവസമായ വെളളിയാഴ്ച വോട്ടെടുപ്പ് വെയ്ക്കുന്നത് വിശ്വാസികളായ വോട്ടർമാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പി.എം.എ സലാമിൻെറ പ്രതികരണം. 

ഇതിന് പിന്നാലെ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫും രംഗത്ത് വന്നു.ഇന്ന് കാന്തപുരം വിഭാഗം സുന്നി നേതാക്കളും വെളളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിൽ അയച്ചിരുന്നു.

പോളിങ്ങ് തിയതി മാറ്റണമെന്ന് വ്യാപകമായി ആവശ്യം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുസ്ളീം സംഘടനകൾ.വോട്ടെടുപ്പ് തീയതി മാറ്റിയാൽ അതിനോട് അനുബന്ധിച്ചുളള മറ്റ് തീയതികളിലും മാറ്റം വരുത്തേണ്ടിവരും എന്നതിനാൽ കമ്മീഷൻ ആലോചിച്ചേ തീരുമാനമെടുക്കാൻ സാധ്യതയുളളു.

Advertisment