ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; ഒരു ദശകം നീണ്ട ബന്ധം ആത്മവിശ്വാസത്തോടെ തുടരുമെന്ന് മോദി

New Update
narendra modi-2

ഡൽഹി: വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ജനങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേ ദിവസമായ വെള്ളിയാഴ്ച സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു ഈ പ്രഖ്യാപനം.

Advertisment

"പ്രിയപ്പെട്ട കുടുംബാംഗമേ" എന്ന് അഭിസംബോധന ചെയ്യുന്ന ജനങ്ങൾക്കുള്ള തുറന്ന കത്താണ് പ്രധാനമന്ത്രി പങ്കുവച്ചത്.

"നമ്മുടെ ഈ ബന്ധം ഒരു ദശാബ്ദം പൂർത്തിയാക്കുന്നതിൻ്റെ പടിവാതിൽക്കലാണ്. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും എന്നെ പ്രചോദിപ്പിക്കുകയും ആവേശഭരിതനാക്കുകയും ചെയ്യുന്നു. പൊതു പങ്കാളിത്തത്തിലാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ജനങ്ങളുടെ ജീവിതത്തില്‍ വന്ന മാറ്റം കഴിഞ്ഞ 10 കൊല്ലത്തെ ഭരണനേട്ടമാണ്.

സാസ്‌കാരിക പൈതൃകവും ആധുനികതയും മുറുകെ പിടിച്ചായിരുന്നു രാജ്യത്തിന്റെ സഞ്ചാരം. രാജ്യത്തിൻ്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങൾ എടുക്കാനും അഭിലഷണീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവ സുഗമമായി നടപ്പിലാക്കാനും എനിക്ക് വലിയ കരുത്ത് നൽകുന്നത് നിങ്ങളുടെ പിന്തുണയാണ്,” മോദി കുറിച്ചു.

“ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പിന്തുണയും എനിക്ക് ആവശ്യമാണ്. ഞങ്ങൾ ഒരുമിച്ച് നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്,”അദ്ദേഹം എഴുതി.

ജനങ്ങളെ തൻ്റെ കുടുംബമെന്ന് പരാമർശിച്ച ആർജെഡി നേതാവ് ലാലു പ്രസാദിൻ്റെ പരിഹാസത്തിന് മറുപടിയുമായാണ് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ കത്ത് പുറത്തുവന്നത്. 

“രാജ്യത്തെ ജനങ്ങൾ എന്നെ അവരുടെ സ്വന്തമായാണ് കണക്കാക്കുന്നത്. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അവർ എന്നെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് ഈ രാജ്യത്തെ 140 കോടി ജനങ്ങളും എൻ്റെ കുടുംബമെന്ന് ഞാൻ പറയുന്നത്," എന്ന് മാർച്ച് നാലിന് തെലങ്കാനയിലെ അദിലാബാദിൽ നടന്ന റാലിയിലും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

Advertisment