Advertisment

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദം; സാക്ഷം ആപ്പ് സജ്ജമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

New Update
saksham app.jpg

ഡൽഹി:  ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി സാക്ഷം ആപ്പ് സജ്ജമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. പോളിംഗ് ബൂത്തിലെ തിക്കും തിരക്കും അസൗകര്യങ്ങളും ഓര്‍ത്ത് ഭിന്നശേഷിക്കാര്‍ ഇക്കുറി വോട്ട് ചെയ്യാന്‍ മടിക്കരുത്. റാംപും വീല്‍ചെയറും മുതല്‍ ആപ്പ് വരെ ഒരുക്കിയാണ് ഭിന്നശേഷിക്കാരുടെ വോട്ടെടുപ്പിലെ മികച്ച പങ്കാളിത്തം ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. 

ഭിന്നശേഷി വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ മുതല്‍ വോട്ടെടുപ്പ് ദിനത്തില്‍ വീല്‍ചെയര്‍ ലഭ്യമാക്കുന്നതിന് അപേക്ഷ നല്‍കുന്നത് വരെയുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാക്ഷം ആപ്പ് സജ്ജമാക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് കമ്മീഷന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സവിശേഷമായി ഡിസൈന്‍ ചെയ്ത ഈ ആപ്പ് വഴി ഭിന്നശേഷിക്കാര്‍ക്ക് അവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും അതുവഴി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും കഴിയും. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള അപേക്ഷ, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്താനുള്ള അഭ്യര്‍ത്ഥന, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വോട്ടുമാറ്റത്തിനുള്ള അപേക്ഷ, തിരുത്തലുകള്‍ക്കുള്ള അപേക്ഷ, സ്റ്റാറ്റസ് ട്രാക്കിംഗ്, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയല്‍, വീല്‍ ചെയറിനുള്ള അഭ്യര്‍ത്ഥന, വോട്ടര്‍ പട്ടികയില്‍ പേര് തിരയല്‍, പോളിംഗ് സ്റ്റേഷന്‍ ഏതെന്ന് അറിയല്‍, ബൂത്ത് ലൊക്കേറ്റ് ചെയ്യല്‍, പരാതികള്‍ രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയവക്കായി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. സാക്ഷം ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാണ്.

Advertisment