/sathyam/media/media_files/ZKnCa1UEyFeJAEuLBUao.jpg)
തൃശൂർ: മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ കട്ടയ്ക്ക് കട്ടയായി നിൽക്കുന്നതോടെ, സംസ്ഥാനത്തെ ഏറ്റവും വീറും വാശിയുമേറിയ ത്രികോണ പോരിനാണ് തൃശൂർ വേദിയാവുന്നത്. ഒരു ഇഞ്ചും വിട്ടുകൊടുക്കില്ലെന്ന വാശിയിൽ മണ്ഡലം ഇളക്കിമറിച്ച് പ്രചാരണത്തിലാണ് മുന്നണികൾ.
ഓരോ വോട്ടും നിർണായകമാണെന്ന തിരിച്ചറിവിൽ എല്ലാ വോട്ടർമാരെയും നേരിൽ കാണാനുള്ള ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർത്ഥികൾ. മത, സാമുദായിക പിന്തുണയില്ലാതെ ജയിക്കാനാവില്ലെന്ന തിരിച്ചറിവിൽ പിന്തുണ ആർജ്ജിച്ചെടുക്കാൻ പതിനെട്ട് അടവും പയറ്റുകയാണ് സ്ഥാനാർത്ഥികൾ.
ഏപ്രിൽ 19 നാണ് ഇത്തവണത്തെ തൃശൂർ പൂരം. ഒരാഴ്ച കഴിഞ്ഞാൽ ഏപ്രിൽ 26ന് തിരഞ്ഞെടുപ്പും. അതിനാൽ ഇത്തവണ തൃശൂരിന് ഇരട്ടപ്പൂരങ്ങളാണ്. പൂര ദിവസം പരമാവധി വോട്ടർമാരെ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടേയും പൂരപ്രേമികളുടേയും പിന്തുണയും സ്ഥാനാർത്ഥികൾക്ക് നിർണ്ണായകമാവും.
തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമെല്ലാം ഇത്തവണ അനുമതിക്ക് പ്രശ്നമുണ്ടാവില്ലെന്ന് കരുതാം. ഇതിലെല്ലാം സ്ഥാനാർത്ഥികളും മുന്നണിനേതൃത്വവും ജാഗ്രത പുലർത്തുന്നുണ്ട്. പൂരം തൃശൂരിൽ വൈകാരിക വിഷയമായതിനാൽ ഏറെ കരുതലോടെയാണ് മൂന്ന് മുന്നണികളുടെയും പോക്ക്.
പ്രചാരണത്തിന്റെ ആവേശം ഏറ്റവും ഉച്ചസ്ഥായിയിലുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപേ വീറും വാശിയും ഉയർന്നതാണവിടെ. സുരേഷ് ഗോപിക്കും വി.എസ് സുനിൽകുമാറിനും പിന്നാലെ ടി.എൻ. പ്രതാപനെ മാറ്റി കെ.മുരളീധരൻ കൂടി വന്നതോടെ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയായിരുന്നു.
സുരേഷ് ഗോപിക്ക് വോട്ടു തേടി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുവട്ടം വന്നുകഴിഞ്ഞു. ഇനിയും മോദി തൃശൂരിലെത്തുന്നുണ്ട്. സുരേഷ് ഗോപിയാവട്ടെ മണ്ഡലം നിറഞ്ഞ് പ്രചാരണത്തിലാണ്.
ആരു ജയിക്കും എന്ന ചോദ്യത്തിന് മുന്നിൽ പെട്ടെന്ന് മനസുതുറക്കില്ല തൃശൂർ. വോട്ടർമാരുടെ മനസ് എളുപ്പത്തിൽ വായിച്ചെടുക്കാനുമാവില്ല. ക്ഷേത്രങ്ങളും മുസ്ളീം-ക്രിസ്ത്യൻ പളളികളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം കയറിയിറങ്ങി വോട്ടുറപ്പാക്കാൻ സ്ഥാനാർത്ഥികൾ പെടാപ്പാട് പെടുകയാണ്. മത-സാമുദായിക പിന്തുണയില്ലാതെ ജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.
35 ശതമാനം ക്രിസ്ത്യൻ വോട്ടുകളും മറുഭാഗത്തുള്ള പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളുമാണ് മുന്നണികൾ കണ്ണുവയ്ക്കുന്നത്. സുരേഷ് ഗോപി, ലൂർദ്ദ് മാതാവിന് കിരീടം സമർപ്പിച്ച് മുൻകൂട്ടി ക്രൈസ്തവ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചെങ്കിൽ വി.എസ്. സുനിൽകുമാറും കെ.മുരളീധരനും ക്രെെസ്തവ വോട്ടുറപ്പിക്കാൻ ആ മേഖലയിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.
എന്നാൽ വിശ്വാസികളുടെ വോട്ട് ആർക്കൊക്കെ എവിടെയൊക്കെ മറിയുമെന്ന കാര്യത്തിൽ മുന്നണികൾക്കു പോലും ഒരു ധാരണയും ഇതുവരെയുമില്ല. മോദിയുടെ ഗ്യാരൻ്റിയിലാണ് എൻ.ഡി.എ.യുടെ ആശ്വാസം. എന്നാൽ മണിപ്പൂർ വിഷയമുയർത്തിയാണ് ഇതിനെ മറ്റ് മുന്നണികൾ നേരിടുന്നത്.
പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്ന് കോൺഗ്രസ് പ്രതിരോധത്തിലായപ്പോൾ മറികടക്കാനാണ് വടകരയിൽ നിന്ന് കെ.മുരളീധരനെ രംഗത്തിറക്കിയത്. കോൺഗ്രസ് വോട്ടുകൾ നേടാനുള്ള ബി.ജെ.പി തന്ത്രത്തെ ചെറുക്കാമെന്നായിരുന്നു പാർട്ടിയുടെ വിശ്വാസം. തൊഴുത്തിൽക്കുത്തും മറ്റും കുറയുമെന്നായിരുന്നു കരുതിയത്.
പക്ഷേ, പാവറട്ടിയിലും വടക്കാഞ്ചേരിയിലുമെല്ലാം ഗ്രൂപ്പ് തിരിഞ്ഞ് നിന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ടാക്കി. താഴെ തട്ടിലുളള പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങുന്നില്ലെന്ന് സ്വയം വിമർശനവും അവർക്കുണ്ട്. എന്നാൽ ലീഡറുടെ മകൻ ന്യൂനപക്ഷ- മുന്നാക്ക സമുദായ വോട്ട് കൂടുതൽ നേടുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.
വി.എസ്. സുനിൽകുമാറിൻ്റെ ജനകീയമുഖവും കൃഷിമന്ത്രിയായിരിക്കെയുളള മികച്ച പ്രവർത്തനവും താഴെത്തട്ടിലുളള പ്രവർത്തകരോടുളള ഇടപെടലും പിന്നാക്കവിഭാഗങ്ങളുടെ പിന്തുണയും മൂന്ന് തവണ എം.എൽ.എ ആയതിൻ്റെ പ്രതിച്ഛായയുമെല്ലാം വോട്ടാവുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. അതേസമയം അവർക്ക് കരുവന്നൂർ തട്ടിപ്പ് അടക്കം വിഷയങ്ങളിൽ ഇ.ഡി. അന്വേഷണം എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ജയിച്ചാൽ തൃശൂരിനൊരു കേന്ദ്രമന്ത്രിയെന്നാണ് എൻ.ഡി.എയുടെ വാഗ്ദാനം. അഭിനേതാവിൻ്റേയും ജീവകാരുണ്യപ്രവർത്തകൻ്റേയും മുഖവും കേന്ദ്രസർക്കാർ പദ്ധതികളും പൂരപ്രേമികളുടെ പിന്തുണയും പത്മജയുടെ ബി.ജെ.പി പ്രവേശവുമെല്ലാം തുണയ്ക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.
പക്ഷേ, വീടുവീടാന്തരമുളള പ്രവർത്തനത്തിൽ ബി.ജെ.പി പ്രവർത്തകർ ഇറങ്ങിയില്ലെങ്കിൽ ഗുണമുണ്ടാവില്ലെന്ന് എൻ.ഡി.എ ക്യാമ്പ് വിലയിരുത്തുന്നു. എന്തായാലും ഓരോ വോട്ടും നിർണായകമാവുന്ന തൃശൂരിൽ എല്ലാ വോട്ടർമാരെയും കണ്ട് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.