മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ കാസര്‍കോട്ട് നിന്നെത്തിയ ഭര്‍ത്താവിന്റെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി ; സംഭവം കോട്ടയത്ത്‌

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, January 19, 2020

കോട്ടയം : അമിത വേഗത്തിൽ പാഞ്ഞ ടോറസ് ലോറി തലയിലൂടെ കയറിയ വഴിയാത്രക്കാരനു ദാരുണാന്ത്യം. കോട്ടയം മള്ളൂശേരി പേരകത്ത് വീട്ടിൽ ചന്ദ്രമോഹനനാ(55)ണ് കൊല്ലപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ കാസർകോട്ടു നിന്നെത്തിയതായിരുന്നു ചന്ദ്രമോഹൻ.

റോഡ് കുറുകെക്കടക്കുന്നതിനിടെ ഇടിച്ചുവീഴ്ത്തിയ ടോറസ് ലോറി തലയിലൂടെ കയറിയാണു നിന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ ചന്ദ്രമോഹൻ മരിച്ചു. ചുങ്കം പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4.38 നാണ് സംഭവം.

കാസർകോട് ലൈവ് സ്റ്റോക് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ചന്ദ്രമോഹനൻ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. രക്തസമ്മർദം വർധിച്ചതിനെത്തുടർന്നാണ് ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നഗരത്തിൽ നിന്നുള്ള ബസിൽ ചുങ്കത്ത് ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകുന്നതിനു റോഡ് കുറുകെക്കടക്കുമ്പോഴായിരുന്നു അപകടം. അപകടം നടന്നയുടനെ ലോറി ഡ്രൈവർ കടന്നുകളഞ്ഞു. ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഭാര്യ: തിരുവല്ല വട്ടക്കാട്ട് സതിയമ്മ. മക്കൾ: ആര്യ മോഹനൻ, അഞ്ജലി മോഹനൻ (ഇരുവരും വിദ്യാർഥികൾ).

സംസ്കാരം ഇന്നു നാലിന്. ഇതിനിടെ മൃതദേഹം മാറ്റാൻ വൈകിയതായി ആരോപണമുയർന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു പൊലീസ് എത്തിയെങ്കിലും ടോറസ് ഓടിക്കാൻ അറിയാത്തതിനാൽ വണ്ടി നീക്കാൻ കഴിഞ്ഞില്ലെന്നു നാട്ടുകാർ പറഞ്ഞു. ഒടുവിൽ അഗ്നി സുരക്ഷാ സേന വരുന്നതും കാത്തിരിക്കേണ്ടി വന്നു.

അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസം ബേക്കർ ജംക്‌ഷനു സമീപം ബൈക്ക് യാത്രികനായ യുവാവ് കെഎസ്ആർടിസി ബസ് കയറി തൽക്ഷണം മരിച്ചിരുന്നു.

×