പ്രണയിച്ചതിന് യുവതിയെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ തള്ളി; മോചിപ്പിച്ച് കാമുകനൊപ്പം അയച്ച് കോടതി

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, December 8, 2019

കൊച്ചി; പ്രണയ ബന്ധത്തിൽ നിന്ന് പിൻതിരിക്കാൻ യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ വീട്ടുകാർക്കെതിരേ കേസ്. ബിഡിഎസ് വിദ്യാർഥിനിയായ യുവതിയെയാണ് വീട്ടുകാർ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പടെ മൂന്ന് പേർക്കെതിരേ കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യുന്നത് തടയാനാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ തള്ളിയതെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

പ്രണയിച്ച യുവാവിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഇല്ലായെന്ന് പറഞ്ഞാണ് ചെറുകര സ്വദേശികളായ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് എതിരു നിന്നത്. എതിർപ്പ് ശക്തമായതോടെ  വരന്തരപ്പള്ളി സ്വദേശിയുമായി രജിസ്റ്റർ വിവാഹത്തിന് യുവതി അപേക്ഷ നൽകി. ഇതിനിടെ വിവാഹം നടത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ അച്ഛൻ കൂട്ടിക്കൊണ്ട് വന്ന ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുകയായിരുന്നു.

പെൺകുട്ടിയെ ഹാജരാക്കണമെന്ന് രണ്ട് തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വീട്ടുകാർ തയ്യാറായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പെൺകുട്ടിയുണ്ടെന്ന് പൊലീസ് കണ്ടെത്തി മോചിപ്പിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം ഇല്ലാതിരുന്നിട്ടും കുത്തിവയ്പുകൾ നൽകുകയും മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തതിനാൽ ക്ഷീണിതയായ അവസ്ഥയിലായിരുന്നു പെൺകുട്ടി. തുടർന്ന് ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് പൊലീസ് മാറ്റി.

യുവതിയുടെ അച്ഛൻ ചെറുകര സ്വദേശി അലി, സഹോദരൻ ഷഫീഖ്, ബന്ധു നാട്ടുകൽ സ്വദേശി ഷഹീൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇവർക്കെതിരേ അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടു മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാനും നിർദേശം നൽകി. പെൺകുട്ടിയെ കാമുകനൊപ്പം വിടാനും കോടതി ഉത്തരവിട്ടു

×