ദേശീയം

ഭാര്യ ദിവസവും കുളിക്കുന്നില്ല; കുളിക്കാൻ പറഞ്ഞാല്‍ വഴക്ക് തുടങ്ങും; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 26, 2021

ലക്‌നൗ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഭർത്താവ്​. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നാണ് ഈ വിചിത്രവാർത്ത. എന്നാൽ തനിക്ക് ഭർത്താവിനൊപ്പം തന്നെ ജീവിക്കണം എന്ന നിലപാടിലാണ് ഭാര്യ. ഭർത്താവ്​ മുത്തലാഖ്​ ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട്​ ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

​’ദിവസവും കുളിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി ഭർത്താവ്​ വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നൽകി. ഞങ്ങൾ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗൺസലിങ്ങിന്​ വിധേയമാക്കി’ -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാൾ പറഞ്ഞു.

ചന്ദൗസ്​ ഗ്രാമത്തിൽനിന്നുളള യുവാവ്​ രണ്ടുവർഷം മുമ്പാണ്​ ഖ്വാർസി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്​. ഇരുവർക്കും ഒരു കുട്ടിയുമുണ്ട്​. ഭാര്യയുടെ പരാതിയിൽ വിളിപ്പിച്ചപ്പോഴും വിവാഹമോചനം വേണമെന്ന്​ ഭർത്താവ്​ ആവർത്തിച്ചതായി സമിതി അംഗങ്ങൾ പറയുന്നു. കൂടാതെ യുവതിയിൽനിന്ന്​ നിയമപരമായ വിവാഹമോചനം വേണമെന്ന്​ ആവശ്യപ്പെട്ട്​ പരാതി നൽകിയതായും അവർ പറഞ്ഞു.

ഭാര്യയോട്​ കുളിക്കാൻ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത്​ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും യുവാവി​ന്‍റെ പരാതിയിൽ പറയുന്നു. തുടർന്നാണ്​ ദമ്പതികളെയും ഇരുവരുടെയും മാതാപിതാക്കളെയും വനിത സംരക്ഷണ സമിതി കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഭർത്താവിനൊപ്പം ജീവിക്കാനാണ്​ താൽപര്യമെന്ന്​ യുവതി അധികൃതരെ അറിയിച്ചു.

×