വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിന് സുരക്ഷയില്ല; അമ്പലപ്പുഴയിൽ സ്‌ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, April 7, 2021

ആലപ്പുഴ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിന് മുന്നിലാണ് ലിജുവിന്റെ സമരം.

വോട്ടിങ് യന്ത്രങ്ങള്‍ സ്ഥിരമായി സൂക്ഷിക്കുന്ന രീതിയിലല്ല അമ്പലപ്പുഴയിലെ സ്‌ട്രോങ് റൂമിലെ സുരക്ഷയെന്നാണ് ലിജുവിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും, ആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും എം.ലിജു പറയുന്നു.

ജില്ലാ കളക്‌ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്‌തിരിക്കുന്നത് പോലെ പലക വച്ച് സ്‌ട്രോംഗ് റൂം അടച്ച് സീൽ ചെയ്യണമെന്നാണ് ലിജുവിന്റെ ആവശ്യം.

സ്‌ട്രോങ് റൂമിന്റെ വാതിലിന് പുറത്ത് പലക അടിച്ച് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ അനുവദിക്കുന്നില്ല. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരും കോണ്‍ഗ്രസിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റും ആവശ്യപ്പെട്ടിട്ടും കേന്ദ്ര നിരീക്ഷകന്‍ ഇതിന് തയ്യാറാകുന്നില്ലെന്നും ലിജു ആരോപിച്ചു.

×