തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ റിമാന്റില്‍ കഴിയുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍. പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കര്‍ നടത്തിയ വിദേശയാത്രകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഏഴ് തവണ ഇരുവരും ഒരുമിച്ച് യു.എ.ഇയിലേക്ക് യാത്ര ചെയ്തെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കറിന്റെ അഭിഭാഷകന് ജാമ്യം അനുവദിക്കേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ വിദേശ യാത്രകളുടെ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് കസ്റ്റംസ് എതിര് വാദം ഉന്നയിച്ചു. യാത്രയ്ക്കിടെ ഇരുവരും സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിച്ചതായും കസ്റ്റംസ് പറയുന്നു.
യാത്രകളുടെ ചെലവ് ശിവശങ്കറാണ് വഹിച്ചത്. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് ഒരേ രാജ്യത്തേക്ക് ഇത്രയധികം യാത്രകള്‍ നടത്തുന്നത് സംശയകരമാണെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. 2015 മുതല്‍ രോഗബാധിതനായ ശിവശങ്കര്‍ എങ്ങനെയാണ് വിദേശയാത്ര നടത്തുന്നതെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്ന ചോദ്യം.
ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും പരിഗണിക്കുന്നുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഒരു കോടിയോളം വരുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ആഴ്ച കണ്ടുകെട്ടിയിരുന്നു.