തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍നടപടി സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘനാളത്തേക്ക് സസ്‌പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും, അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. അറസ്റ്റിനും സസ്‌പെന്‍ഷനും ശേഷം ഒരു വര്‍ഷമായി പുറത്ത് നില്‍ക്കുന്ന ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുണ്ടെന്ന് ആരോപിച്ചതോടെയാണ് എം ശിവശങ്കറിന്റെ സസ്‌പെന്‍ഷൻ നടപടി. 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഫെബ്രുവരി നാലിനാണ് എം ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്.