Advertisment

എബിന്റെ പപ്പ ഇനി നാട്ടില്‍ അന്ത്യവിശ്രമം കൊള്ളും; എംഎ യൂസഫലി വാക്ക് പാലിച്ചു;ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ ആയിരുന്നു പപ്പയുടെ മൃതദേഹം സൗദിയില്‍ നിന്നെത്തിക്കാന്‍ സഹായിക്കണമെന്ന് മകന്‍ ആവശ്യപ്പെട്ടത്

author-image
Charlie
Updated On
New Update

publive-image

Advertisment

സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു നൽകി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സൗദിയിലെ കമീസ് മുഷൈത്തില്‍ മരണപ്പെട്ട നെടുമങ്ങാട് സ്വദേശി ബാബുവിന്‍റെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു. ചെക്കക്കോണം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.

സൗദിയിൽ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കഴിഞ്ഞയാഴ്ച ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ എബിന്‍ യുസഫലിയെ സമീപിച്ചിരുന്നു. ഇതാണ് തടസ്സങ്ങള്‍ നീങ്ങാന്‍ വഴിയൊരുക്കിയത്. എബിന്‍റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച് അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

സ്പോണ്‍സറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയിൽ ജോലി ചെയ്തത്. ഇതേ തുടർന്നുള്ള പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്‍റെ ആദ്യ സ്പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂര്‍ത്തിയായി.

ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്തെത്തിച്ചു. ഇതിനാവശ്യമായ ചിലവുകൾ യൂസഫലി വഹിച്ചു. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പിആർഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിലെത്തി.

Advertisment