ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട പ്രമുഖ വ്യവസായി എം.എ. യൂസഫലി വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് പോയിരിക്കുകയാണ്. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
പനങ്ങാട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് യൂസഫലി കൊച്ചി ലേക്്ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികില്‍സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്‍പര്യമെടുത്തിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് എം.എ.യൂസഫലി അബുദാബിയിലേക്ക് പോയത്.
അതേസമയം, യൂസഫലിയെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമാവുകയാണ്. പ്രേം കുമാര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ചുവടെ...
ഒരു പത്തുകൊല്ലമായിക്കാണും, ഇന്നത്തേക്കാൾ ചതുപ്പുനിലങ്ങളുണ്ടന്ന് കേരളത്തിൽ. കുന്നംകുളം പോളിയിൽ അധ്യാപികയാണ് എന്റെ സുഹൃത്ത് മാഗി. അവളുടെ ഒരു സ്റ്റുഡന്റിന് അത്ര സാധാരണമല്ലാത്തൊരസുഖം വരുന്നു.
ശരീരത്തിന്റെ ഇമ്മ്യൂൺ സിസ്റ്റം നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന ഈ രോഗത്തിന് Guillain Barre Syndrome എന്നാണ് പേര്.
ചികിത്സ ഇത്തിരി സങ്കീർണവുമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്; അഡ്മിറ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് മിംസ് ആശുപത്രിയിലാണ്. ചികിത്സയ്ക്ക് നല്ല ചിലവ് വരുന്നുണ്ട്. പണം സ്വരൂപിക്കാനായ് ഒരഭ്യർത്ഥന എഴുതിയുണ്ടാക്കണം. അതിനു വേണ്ടിയാണ് ചേറ്റുവയ്ക്കടുത്തുകാരിയായ മാഗി എന്നെ വിളിക്കുന്നത്. അന്ന് രാത്രിതന്നെ അതെഴുതിക്കൊടുത്തു.
'നിങ്ങള് നാട്ടുകാരല്ലേ? ലുലു ഗ്രൂപ്പുമായ് ഒന്ന് ബന്ധപ്പെട്ടാൽ കാര്യങ്ങൾ എളുപ്പം നടക്കില്ലേ?' എന്നൊരു ചോദ്യം ചോദിച്ചു. പിറ്റന്നാൾ തന്നെ അവർ ഏതോ വഴിക്ക് എം.എ. യൂസഫലിയുടെ അടുത്തെത്തി. രോഗിയുടെ പേരും വിവരങ്ങളും കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് ഞാൻ പിന്നെയും മാഗിയെ വിളിച്ചു.
'യൂസഫലി സാറിനെ കണ്ടെന്നേയുള്ളു...പുള്ളി ഒന്നും പറഞ്ഞില്ലിതുവരെ...' നടക്കാത്തൊരു വഴി കാട്ടിക്കൊടുത്ത് ഇവരുടെ സമയം കളഞ്ഞതിൽ എനിക്കും വിഷമമായി. ഇതിനിടെ ഹോസ്പിറ്റൽ ബിൽ വളരെ ഏറെയായിട്ടുണ്ട്. കുട്ടികളും അധ്യാപകരും പണപ്പിരിവ് തുടർന്നു.
പിരിഞ്ഞു കിട്ടിയ ഒന്നര ലക്ഷം രൂപയും കൊണ്ട് അവർ ആശുപത്രിയിൽ ചെന്നു. 'ബാക്കി ഉടനെ അടയ്ക്കാം...ഞങ്ങൾ കോളേജിൽ നിന്നാ'ണെന്നൊക്കെ ആമുഖം പറഞ്ഞു തുടങ്ങി. ഇതൊക്കെ എന്നോട് പറയുന്നതെന്തിനാണെന്ന മട്ടിൽ ഐ.പി.ബില്ലിങ്ങിലെ ക്ലാർക്ക് രോഗിയുടെ നമ്പർ ചോദിച്ചു.
'അയ്യോ...ഇതിലെ പേയ്മെന്റ് മുഴുവൻ ക്ലിയർ ചെയ്തിട്ടുണ്ട്...ഇനി ബിൽ ചെയ്യേണ്ടെന്നും പറഞ്ഞിട്ടുണ്ട്'. ഇന്ന് രാവിലെ മാഗിയെ പിന്നെയും വിളിച്ചു. 'യൂസഫലി സർ ആ ബിൽ അടച്ചു എന്നതല്ല പ്രേം; അദ്ദേഹമത് ചെയ്ത രീതിയുണ്ടല്ലോ...അതാണ്...ഞങ്ങളെ വല്ലാണ്ടെ...'
'അങ്ങനെ ചെയ്യുന്നുവെന്ന് ഞങ്ങളോടോ...ചെയ്തു എന്ന് ആരോടെങ്കിലുമോ അവരാരും പറഞ്ഞിരുന്നില്ല.''എന്തൊരു സ്നേഹമാണത്...ഉത്തരവാദിത്തമാണത്...ഒന്നാലോചിച്ചു നോക്കിയേ...''അങ്ങേരും നമ്മളും തമ്മിലുള്ള വ്യത്യാസം പൈസയുടേത് മാത്രല്ല...'ഇത് പറയവേ അവളുടെ ശബ്ദമിടറുന്നത് എനിക്ക് കേൾക്കാമായിരുന്നു.
അങ്ങനെയെങ്കിൽ, അസുഖക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്ന ആ കുട്ടിയുടെ ശബ്ദമെങ്ങിനെയാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല. അങ്ങിനെയങ്ങിനെ എത്രായിരം മനുഷ്യരുണ്ടാവാമെന്ന് എനിക്ക് ഊഹിക്കാവതല്ല.
എന്തൊരു സ്നേഹമാണത്! എന്തൊരുത്തരവാദിത്തമാണത്! അസുഖങ്ങളിൽ നിന്ന് മോചനമാവട്ടെ എല്ലാ മനുഷ്യർക്കും. ഒരാളും അപകടത്തിൽപെടാതിരിക്കട്ടെ. ഓരോ നിമിഷവും, ആരുടെയോ പ്രാർത്ഥനകൊണ്ട് ഒഴിഞ്ഞുപോയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടാണ് നമ്മളിങ്ങനെയുള്ളതെന്ന് തിരിച്ചറിയാനാവട്ടെ.
ആരെങ്കിലുമപകടത്തിൽപ്പെട്ടാൽ, അപകടങ്ങളൊഴിവായാൽ അതിനെപ്പറ്റി നല്ലതുമാത്രം തോന്നാൻ മനസ്സുണ്ടാവട്ടെ. മനസ്സിലെ ചതിച്ചതുപ്പുകൾ ശുദ്ധമാവട്ടെ.
ഒരു പുരാണകഥ കൂടി പറയാതെ വയ്യ. അമൃതെടുക്കാനാണ് പാലാഴി കടഞ്ഞത്; കൂടെ വന്നതാണ് കാളകൂട വിഷം. നിന്ന നിൽപ്പിൽ അതുമുഴുവനെടുത്ത് ഒറ്റവലി വലിച്ചതാണ് പരമശിവൻ. പതിവ്രതയായ പാർവതി കഴുത്തിൽ മുറുക്കി പിടിച്ചു; ഉള്ളിലേക്കും പുറത്തേക്കും പോവാതെ ആ കൊടും വിഷം ശിവന്റെ കണ്ഠത്തിലങ്ങനെ കിടന്നു. നാട്ടുകാർ പിന്നെയങ്ങനെ നീലകണ്ഠൻ എന്ന് വിളിച്ചുപോരുന്നു.