പ്രിയങ്കാ ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 19, 2020

ഡല്‍ഹി : പ്രിയങ്കാ ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം . മധ്യപ്രദേശില്‍ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ 9ന് അവസാനിക്കുന്നതോടെയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിലും പ്രതിപക്ഷമായ ബിജെപിയിലും പ്രചരണം ആരംഭിച്ചത്.

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്, ബിജെപി നേതാക്കളായ പ്രഭാത് ജാ, സത്യനാരായണ്‍ ജാട്ടിയ എന്നിവരുടെ പിന്‍ഗാമികള്‍ ആരൊക്കെയാകണമെന്നുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ് .

മധ്യപ്രദേശില്‍ 16 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബിജെപിയെ പ്രതിപക്ഷത്ത് നിര്‍ത്തി രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കണക്കുകൂട്ടല്‍ അനുസരിച്ച് കോണ്‍ഗ്രസിന് രണ്ടും ബിജെപിയ്ക്കു ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 230 അംഗ നിയമസഭയില്‍ രണ്ട് എംഎല്‍എമാരുടെ മരണം മൂലം രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്.

നിലവില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 107 എംഎല്‍എമാരുമാണുള്ളത്. നാല് സ്വതന്ത്രരുടെയും ഒരു സമാജ്വാദ്പാര്‍ട്ടി എംഎല്‍എയുടെയും രണ്ട് ബിഎസ്പി അംഗങ്ങളുടെയും പിന്തുണ കമല്‍നാഥ് സര്‍ക്കാരിനുണ്ട്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി 8 സീറ്റുകള്‍ വിജയിക്കാമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഒഴിവുവരുന്ന ആന്ധ്ര, തെലങ്കാന, മേഘാലയ, അസം, യുപി എന്നിവിടങ്ങളില്‍ പ്രതീക്ഷയ്ക്കു വകയില്ല .

മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, മധുസൂദന്‍ മിസ്ത്രി, കുമാരി ഷെല്‍ജ, ദിഗ്വിജയ് സിങ്, ബി.കെ. ഹരിപ്രസാദ്, എം.വി. രാജീവ് ഗൗഡ, രാജ് ബബ്ബര്‍, പി.എല്‍. പുനിയ എന്നിവരുടെ കാലാവധി വരും മാസങ്ങളില്‍ അവസാനിക്കും. സീറ്റുകള്‍ മുഴുവന്‍ മുതിര്‍ന്നവര്‍ക്കു നല്‍കുന്നതിനെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം എതിര്‍ക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍.പി.എന്‍. സിങ് എന്നിവര്‍ സീറ്റിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി അധികാരത്തിലുള്ള മധ്യപ്രദേശില്‍ നിന്നു ദിഗ്വിജയ് സിങ്ങിനെയും സിന്ധ്യയെയും ജയിപ്പിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അതിനിടെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മധ്യപ്രദേശില്‍ നിന്നു രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടു മുന്‍ പിസിസി പ്രസിഡന്റ് അരുണ്‍ യാദവ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ രംഗത്തെത്തി.

സിന്ധ്യക്ക് തടയിടാന്‍ മുഖ്യമന്ത്രി കമല്‍നാഥ് നടത്തുന്ന നീക്കമായും ഇതിനെ കാണുന്നുണ്ട്. എന്നാല്‍ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം.

×