"എന്നാലും എൻ്റെ ഹൃദയത്തിലെ യേശുനാഥനെ നീ അടിച്ചു മാറ്റിയല്ലോടാ മോനെ ...." നാലു വർഷം മുമ്പ് വലിയ മെത്രാപ്പോലീത്താ ക്രിസോസ്റ്റം തിരുമേനി തോളിൽ തട്ടി പറഞ്ഞ വാക്കുകൾ പ്രമുഖ ബാല മാന്ത്രികൻ മജീഷ്യൻ കണ്ണൻമോൻ്റെ കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്. വലിയ തിരുമേനിയുടെ വേർപാടിൽ വേദനിക്കുമ്പോഴും ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ ഓർത്തെടുത്ത് മജീഷ്യൻ കണ്ണൻ മോൻ

New Update

രാമപുരം : മാർ ക്രിസോസ്റ്റത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മാരാമൺ ഭദ്രാസനത്തിൽ നിന്നുള്ള ക്ഷണമനുസരിച്ചാണ് കണ്ണൻ മോൻ മാതാപിതാക്കൾക്കൊപ്പം വലിയ തിരുമേനിയുടെ അരമനയിലെത്തിയത്.

Advertisment

publive-image

നേരത്തേ കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ മാജിക് അവതരിപ്പിച്ച കണ്ണൻ മോനെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ കണ്ട് മാർ ക്രിസോസ്റ്റം നേരിട്ടു ക്ഷണിക്കുകയായിരുന്നു.

കണ്ണൻ മോനെ കണ്ടപാടെ "നിൻ്റെ വിസ്മയം ഒന്നു നേരിൽ കാണാനാണ് വിളിച്ചു വരുത്തിയതെന്ന് " വലിയ മെത്രാപ്പോലീത്താ പറഞ്ഞു.

മുന്നിലിരുന്ന വലിയ മെഴുകുതിരിയിലേക്ക് ക്രിസോസ്റ്റം തിരുമേനി ദീപം പകർന്നു. ഞൊടിയിടയിൽ കണ്ണൻ മോൻ കത്തിച്ച മെഴുകുതിരി പൂക്കുലയാക്കി മാറ്റിയപ്പോൾ അത്ഭുത പരതന്ത്രനായ ചിരിയുടെ തമ്പുരാൻ പൊട്ടിച്ചിരിച്ചു.

publive-image

തുടർന്ന് ശൂന്യമായൊരു ഫോട്ടോ ഫ്രയിം തിരുമേനിയുടെ നെഞ്ചോടു ചേർത്തുവെച്ച് അങ്ങേയ്ക്ക് ഏറെ ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിക്കാൻ മജീഷ്യൻ പറഞ്ഞു. സെക്കൻ്റുകൾക്കുള്ളിൽ ഫ്രയിം തിരികെയെടുത്തപ്പോൾ അതിൽ ക്രിസ്തുവിൻ്റെ മനോഹര ചിത്രം! കാണികളുടെ നിലയ്ക്കാത്ത കയ്യടി . "ആകെപ്പാടെ എൻ്റെ ഹൃദയത്തിലുണ്ടായിരുന്ന ഏക സമ്പാദ്യവും നീ അടിച്ചു മാറ്റിയല്ലേ....?" - മാർ ക്രിസോസ്റ്റത്തിൻ്റെ മറുപടി കേട്ട് സദസ്യർ ഒന്നടങ്കം പൊട്ടിച്ചിരിച്ചു.

ഏറെ സന്തോഷവാനായ വലിയ മെത്രാപ്പോലീത്താ കൊച്ചു മാന്ത്രികൻ്റെ തലയിൽ കൈ വെച്ച് അനു ഗ്രഹിച്ചു. " നീ ഭാവിയിൽ പേരെടുത്ത കലാകാരനാകും.നൂറു വയസ്സുവരെ പല തരത്തിലുള്ള പിറന്നാൾ ആശംസകൾ എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ മാജിക്കിലൂടെ ഒരു പിറന്നാൾ ആശംസ എൻ്റെ ജീവിതത്തിൽ ആദ്യമായാണ് കിട്ടുന്നത് ".

publive-image

വിസ്മയക്കാഴ്ചയൊരുക്കി തനിക്ക് നൂറാം പിറന്നാൾ ആശംസകൾ നേർന്ന മജീഷ്യൻ കണ്ണൻമോന് ഉപഹാരങ്ങളും പേരെഴുതി ഒപ്പിട്ട തൻ്റെ ആത്മകഥയും സമ്മാനിച്ചാണ് മാർ ക്രിസോസ്റ്റം മടക്കി അയച്ചത്. ഇതിനോടകം ലഭിച്ച നൂറു കണക്കിനു പുരസ്ക്കാരങ്ങളിൽ കണ്ണൻ മോൻ പുണ്യമായി കരുതുന്നതും വലിയ തിരുമേനിയുടെ ഈ ഉപഹാരം തന്നെ.

മൂന്നാം വയസ്സു മുതൽ മാജിക് രംഗത്തുള്ള കണ്ണൻ മോൻ എന്ന എസ്. അഭിനവ് കൃഷ്ണ പാലായിലെ പ്രശസ്ത മാധ്യമ പ്രവർത്തകനായ ഏഴാച്ചേരി തുമ്പയിൽ സുനിൽകുമാറിൻ്റെയും അദ്ധ്യാപികയായ ശ്രീജയുടെയും മകനാണ്.

രാമപുരം സെൻറ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കണ്ണൻ മോൻ ഇതിനോടകം അഞ്ഞൂറോളം വേദികളിൽ മാജിക് ഷോ അവതരിപ്പിച്ചു കഴിഞ്ഞു. ഒരു സിനിമയിലും അഭിനയിച്ചു.

magician kannan mon
Advertisment