മൂന്നുദിവസം ഒരു 'സൂപ്പര്‍ഹിറ്റ്' തിരക്കഥ ; മഹാരാഷ്ട്രയില്‍ അരങ്ങേറിയത് കര്‍ണാടക മോഡല്‍ നാടകം ; എല്ലാം ശരദ് പവാറിന്റെ അറിവോടെ ?- രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്- പവാര്‍ കൈവിട്ടാല്‍ ഫഡ്‌നാവിസിന് 'പവര്‍' കിട്ടില്ല

New Update

മുംബൈ : ഏറെ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി- എന്‍.സി.പി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പൂര്‍ത്തിയായത് മൂന്നുദിവസം മുമ്പേ തയാറാക്കിയ തിരക്കഥയുടെ അരങ്ങേറ്റം. ബി.ജ.പിയുടെ മുതിര്‍ന്ന നേതാവും രാഷ്ട്രീയ ചാണക്യനുമായ അമിത് ഷായാണ് കര്‍ണാടക 'മോഡല്‍' നാടകത്തിനു പിന്നിലെന്നു സൂചനയുണ്ട്.

Advertisment

publive-image

ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ദിവസങ്ങളായി മഹാരാഷ്ട്രയില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചു. എന്‍.സി.പി നേതാവ് അജിത് പവാറാണ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാല്‍, എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പിന്തുണച്ചില്ലെങ്കില്‍ ഫട്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാകില്ല.

അതേസമയം, ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതത് ശരദ് പവാറിന്റെ അറിവോടെയെന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഫട്നാവിസുമായുള്ള ചര്‍ച്ചകളില്‍ ശരദ് പവാറും പങ്കെടുത്തിരുന്നു. പവാറിന്റെ മകള്‍ സുപ്രിയ സുലെയും ചര്‍ച്ചകള്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താതെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഒരു തീരുമാനവും എടുക്കില്ലെന്ന് ആദ്യഘട്ടം മുതല്‍ പറഞ്ഞിരുന്ന ശരദ് പവാര്‍ ഒടുവില്‍ മലക്കം മറിയുകയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക പ്രശ്നങ്ങള്‍ അവതരിപ്പിക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പവാര്‍ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയതു വലിയ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഇതില്‍ അതൃപ്തി അറിയിക്കുയും ചെയ്തിരുന്നു. ശിവസേനയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനെക്കൊണ്ടു സമ്മതിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തിയതും പവാറാണ്.

ബി.ജെ.പിയും എന്‍.സി.പിയും ചേര്‍ന്നു നടത്തിയ നിശബ്ദ നാടകം ശിവസേനയേയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ്് ഒരു മാസത്തിനുശേഷവും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നു.

രാവിലെ എന്‍.സി.പി നേതാവ് ശരദ് പവാര്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. എന്‍.സി.പി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബി.ജെ.പി നടത്തിയ അപ്രതീക്ഷിത നീക്കമാണ് ഫഡ്നാവിസിനെ അധികാരത്തിലെത്തിച്ചത്. സത്യപ്രതിജ്ഞ ചെയ്ത ഫഡ്നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു.

എന്‍.സി.പി എന്‍.ഡി.എയിലേയ്ക്ക് മാറുന്നു എന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നാണ് അജിത് പവാര്‍ പ്രതികരിച്ചത്. അതേസമയം, മഹാരാഷ്ട്രയില്‍ അരങ്ങേറിയത് വന്‍ ചതിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ചതിയാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. മഹാരാഷ്ട്ര വിഷയത്തില്‍ ഇന്ന് തങ്ങള്‍ എന്‍.സി.പിയുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇരുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം, എന്‍.സി.പിയില്‍ വിള്ളലുണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Advertisment