മഹാരാഷ്ട്രയില്‍ ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍. താക്കറെയെ കണ്ട പവാര്‍ സോണിയാഗാന്ധിയുമായി ചര്‍ച്ചയ്ക്ക് ഡല്‍ഹിക്ക്. കൈപൊള്ളി ബിജെപി !

മനോജ്‌ നായര്‍
Friday, November 1, 2019

മുംബൈ ∙ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നിരയില്‍ നടക്കുന്നത് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങള്‍.

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി വീണ്ടും നാടകീയ വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കി ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി വ്യാഴാഴ്ച വൈകിട്ട് ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മാത്രമല്ല ഈ ചര്‍ച്ചയിലെ ധാരണകള്‍ ധരിപ്പിക്കാന്‍ ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്കു പോകുമെന്നും സൂചനയുണ്ട്. മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ശരദ് പവാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയിൽ അധികാരം തുല്യമായി പങ്കിടുമെന്ന ശിവസേനയുടെ നിലപാടാണു തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്ക്കു ശേഷവും സർക്കാർ രൂപീകരണം വൈകിക്കുന്നത്. രേഖാമൂലം ഉറപ്പു ലഭിച്ചശേഷം മാത്രം സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിക്കാമെന്നാണ് ശിവസേനയുട നിലപാട്.

തങ്ങളുടെ നിലപാടില്‍ നിന്നും ഒരടി പിന്നോട്ടുപോകാന്‍ സേന തയ്യാറായിട്ടില്ലെന്നതാണ് ബിജെപിയെ ചൊടിപ്പിക്കുന്നത്. അതിനിടെ ശരത് പവാറുമായുള്ള മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് ശിവസേന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന സംശയം ബിജെപിക്കുമുണ്ട്.

288 അംഗ നിയമസഭയിൽ ബിജെപിക്ക് 105 പേരും സേനയ്ക്ക് 56‌ പേരുമുണ്ട്. ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനാൽ സമ്മർദത്തിലാക്കി രേഖാമൂലമുള്ള ഉറപ്പു വാങ്ങാനാണ് സേനയുടെ ശ്രമം. എൻസിപിക്ക് 54 സീറ്റുകളും കോൺഗ്രസിനു 44 ഉം ഉണ്ട്.

കോൺഗ്രസ് സംസ്ഥാന നേതാക്കൾ ശരദ് പവാറുമായി കഴിഞ്ഞ ദിവസം രാഷ്ട്രീയസ്ഥിതി ചർച്ച ചെയ്തിരുന്നു. ശിവസേനയെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചതിക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു.

ബിജെപിയും ശിവസേനയും ചേർന്നു സർക്കാർ രൂപീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അടുത്ത സാധ്യതകൾ കോൺഗ്രസ് ആലോചിക്കുമെന്നും ചവാൻ വ്യക്തമാക്കി. ഗതിയനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കുമെന്ന് എൻസിപി വക്താവ് പറഞ്ഞു.

×