മഹാരാഷ്ട്രയിൽ പൊതുമരാമത്ത് മന്ത്രി അശോക് ചവാനും കൊവിഡ്; ഇന്ത്യയിൽ മരണം നാലായിരം കടന്നു, രോ​ഗികൾ 1.38 ലക്ഷം

ന്യൂസ് ബ്യൂറോ, മുംബൈ
Monday, May 25, 2020

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുളള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിവേ​ഗമാണ് ഇവിടെ കൊവിഡ് പടർന്ന് പിടിക്കുന്നത്. ഇന്നലെ മാത്രം 3,041 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ മ​ഹാരാഷ്ട്രയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനുമുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാന് ഇന്നലെയാണ് കൊവിഡ് പരിശോധന നടത്തിയത്.

രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേ​ഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചവാന്റെ വാഹനത്തിന്റെ ഡ്രൈവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്ന് പടർന്നതാകാമെന്നാണ് നി​ഗമനം. മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചവാൻ. നേരത്തെ ഭവനവകുപ്പ് മന്ത്രി ജിതേന്ദ്ര അവാദിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മഹാഷ്ട്രരായിലെ രോ​ഗികളുടെ എണ്ണം അരലക്ഷം (50,231) കടന്നു. ഇന്നലെ 58 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,635 ആയി ഉയർന്നു. മുംബൈയിലും ധാരാവിയിലുമാണ് കൊവിഡ് വ്യാപനം കൂടുതൽ​. ധാരാവിയിൽ ഞായാറാഴ്​ച 27 പേർക്കും മുംബൈയിൽ 1725 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. 38 പേരാണ് മുംബൈയിൽ ഇന്നലെ മാത്രം​ മരിച്ചത്​. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 30,542 ആയി ഉയരുകയും 988 പേർ മരിക്കുകയും ചെയ്​തു. തുടർച്ചയായ എട്ടാം ദിവസമാണ്​ 2000 ത്തിൽ അധികം പേർക്ക്​ മഹാരാഷ്​ട്രയിൽ കൊവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇന്നലെ 1,196 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായത്. ഇതോടെ രോഗ മുക്തരായവരുടെ എണ്ണം 14,600ആയി.

മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ ഇന്നലെ 7,113 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 156 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 4,024 ആയി. രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നിലവില്‍ പത്താമതാണ്. 1.35 ലക്ഷം രോഗികളുണ്ടായിരുന്ന ഇറാനെയാണ് ഇന്ത്യ ഇന്നലെ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 1.38 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57,692 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 76,820 പേരാണ് ചികിത്സയിലുളളത്

×