ഒൻപതിലും, പത്തിലും തോറ്റു നാടു വിട്ടു ഓടിപ്പോയി മുംബൈയില്‍ എത്തി പട്ടിണി കിടന്ന് അവിടെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കി ; നാടുവിട്ടത് വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയ 16 രൂപയുമായി ; ജീവിത കഥ വെളിപ്പെടുത്തി മേജര്‍ രവി

ഫിലിം ഡസ്ക്
Tuesday, January 14, 2020

ന്റെ ജീവിത കഥ വെളിപ്പെടുത്തി നടനും സംവിധായകനുമായ മേജര്‍ രവി . പട്ടാളത്തില്‍ ചേരുന്നതിനു മുമ്പുള്ള തന്റെ ജീവിതവും ശേഷമുള്ള ജീവിതവുമാണ് മേജര്‍ വെളിപ്പെടുത്തിയത്.

പത്താം ക്ലാസ് തോറ്റു 16 രൂപയുമായി നാടുവിട്ടു തന്റെ ജീവിത കഥ മേജർ രവി പറഞ്ഞത് കേരളത്തിലെ വിവിധ കോളജുകളിൽ നിന്നായി എത്തിയ 215 കുട്ടികളുടെ മുന്നിൽ.

നിങ്ങളുടെ മുന്നിൽ നിൽക്കുന്ന മേജർ രവി എന്ന വ്യക്തി ഒൻപതിലും, പത്തിലും തോറ്റു നാടു വിട്ടു ഓടിപ്പോയി മുംബൈയില്‍ എത്തി പട്ടിണി കിടന്ന് അവിടെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കിയിട്ടുണ്ട്. എന്റെ അമ്മ എന്നോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. നമ്മൾ ആരുടെയെങ്കിലും കൈയിൽ നിന്ന് അഞ്ച് രൂപയുടെ ഔദാര്യം പറ്റിക്കഴിഞ്ഞാൽ പത്തു രൂപയായിട്ട് (അത് പണമായല്ലെങ്കില്‍ക്കൂടി) അതു തിരിച്ചു കൊടുക്കണം എന്നാണു കുട്ടിക്കാലം മുതലേ കേട്ടിട്ടുള്ളത്. ആരുടെയും ഔദാര്യം പറ്റരുത്.

എന്റെ അമ്മാവൻ നേവിയിൽ കമാൻഡർ ആയിരുന്നു. പത്താംക്ലാസു തോറ്റു കഴിഞ്ഞാൽ നേവിയിൽ കയറ്റി വിടും എന്നൊക്കെയായിരുന്നു എന്റെ ചിന്ത. ഞാൻ അമ്മാവനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്നെ വീട്ടിൽ കയറാൻ സമ്മതിച്ചില്ല. അദ്ദേഹം ഒരു 100 രൂപ എടുത്ത് എന്റെ കൈയ്യിൽ തന്നിട്ട് പറഞ്ഞു നീ എവിടെയെങ്കിലും പോയി താമസിച്ചോ. അന്ന് അതു വലിയ തുകയാണ്. പിറ്റേവർഷം ഞാൻ പട്ടാളത്തിൽ ചേർന്നപ്പോള്‍ എന്റെ ശമ്പളം 210 രൂപയാണ്. അപ്പോൾ എന്റെ കയ്യിൽ വീട്ടിൽ നിന്ന് അടിച്ചു മാറ്റിയ 16 രൂപയും ഉണ്ടായിരുന്നു.

പക്ഷേ എവിടെയോ ഒരു സെല്‍ഫ് കോൺഫിഡന്‍സ് എന്നു പറയുന്ന ഒരു സംഭവം അതു കുട്ടിക്കാലം മുതൽക്കേ എനിക്കുണ്ടായിരുന്നു. അതെന്റെ അച്ഛനിൽ നിന്നു കിട്ടിയതാവാം. ഇന്ന‌ു നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ഒരു തണൽ ഉള്ള സമയത്തു നമുക്ക് അതിനൊരു വിലയുമില്ല പ്രത്യേകിച്ച് അമ്മമാർ എന്നു പറയുന്നത് നമ്മുടെ വീട്ടിലെ ഒരു വസ്തു മാത്രമാണ് എന്നു കണക്കാക്കുന്ന നിങ്ങളുടെ പ്രായത്തിലുള്ള കുട്ടികൾ.

നമ്മൾക്കുണ്ടാകുന്ന ഫ്രസ്റ്റേഷൻസ് മുഴുവൻ തീർക്കുന്നതു നമ്മളെ നോക്കി ഭക്ഷണവും ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മയുടെ അടുത്തായിരിക്കും. എനിക്കു നിങ്ങളുടെ ഭക്ഷണമൊന്നും വേണ്ട എന്നു പറഞ്ഞു നമ്മൾ ആ ഭക്ഷണം തട്ടിത്തെറിപ്പിക്കും. എത്ര പേർ അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാനുള്ള ക്ഷമ കാണിക്കും. എനിക്ക് ആ ക്ഷമ ഉണ്ടായിട്ടില്ല. പക്ഷേ നിങ്ങൾ ആ സമയം ഒന്നു തിരിഞ്ഞു നോക്കണം. നമ്മൾ പുറത്തു നിന്നു പൊറോട്ടയും ബീഫും ഒക്കെ കഴിച്ചു വയറു നിറച്ചാവും വരുന്നത്. പിന്നെ ഒരു കാര്യം ഈ ദേഷ്യം നമ്മൾ ഒരിക്കലും അച്ഛന്റെ അടുത്തു കാണിക്കില്ല. കാരണം കരണക്കുറ്റിക്ക് അടി കിട്ടും.

നിങ്ങൾ ഒരു പ്രാവശ്യം തിരിഞ്ഞു നോക്കിയാൽ കാണാം. നിങ്ങൾ തട്ടിത്തെറിപ്പിച്ച ഭക്ഷണം ഒരോ പറ്റും വാരിയെടുത്തു കൊണ്ടുപോയി അമ്മയും ഭക്ഷണം കഴിക്കാതെ കിടക്കും. എന്റെ കുട്ടി കഴിച്ചിട്ടില്ല. പിന്നെ ഞാൻ എങ്ങനെ കഴിക്കും. പക്ഷേ അമ്മ എന്ന വ്യക്തി എന്ന് നമ്മുടെ ജീവിതത്തിൽ നിന്നു വിട്ടുപോകുന്നോ അന്നാണ് നമ്മൾ ചിന്തിക്കുന്നത് ഈ വ്യക്തി എന്റെ ജീവിതത്തിൽ എന്തെല്ലാമോ ആയിരുന്നു എന്ന്.

ഉദാഹരണത്തിന് എന്റെ അമ്മ 2005 മാർച്ച് 19 –ാം തീയതിയാണ് മരിക്കുന്നത്. മാർച്ച് 11–ാം തീയതി മോഹൻലാലിന് അഡ്വാൻസ് കൊടുത്തു കീർത്തിചക്ര എന്ന സിനിമ കൺഫേം ആയ ശേഷം ഞാനും രഞ്ജിപണിക്കരും കൂടി പട്ടാമ്പിയിൽ എന്റെ വീട്ടിൽ വന്നു, കഥയെഴുതാൻ േവണ്ടി. അമ്മയുടെ കൈയ്യിൽ നിന്നു ബ്രേക്ഫാസ്റ്റൊക്കെ കഴിച്ച് അപ്പോൾ രഞ്ജി പറഞ്ഞു ഇത്രയും രുചിയുള്ള ദോശ ജീവിതത്തിൽ കഴിച്ചിട്ടില്ല. അവിടെയുണ്ടായിരുന്ന ദോശ മുഴുവൻ അവൻ കഴിച്ചു അതെല്ലാം കഴിഞ്ഞു ഞങ്ങൾ അവിടുന്നു പോകുന്നു. നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്റെ ജീവിതത്തിൽ നിന്നു പറയുന്നതാണ്.

എല്ലാ സമയത്തും നമുക്കൊരു തോന്നലുണ്ട് അമ്മ അവിടെ ഉണ്ടല്ലോ അവിടെ നിന്ന് എവിടെ പോകാൻ. അവിടെയാണു തെറ്റ് പറ്റുന്നത് കാരണം ആ പതിനൊന്നാം തീയതി കഴിഞ്ഞ് ഞാൻ ഓരോ തിരക്കായി പോയി അമ്മയെ വിളിക്കണം എന്നു വിചാരിക്കും പക്ഷേ നാളയാവട്ടെ മറ്റന്നാളാവട്ടെ എന്നു കരുതി അങ്ങനെ ദിവസങ്ങൾ നീണ്ടു പോയി. 19–ാം തീയതി വിളിക്കണം എന്നു വിചാരിച്ചു പക്ഷേ ലേറ്റായി പിന്നെ വിളിച്ചില്ല പക്ഷേ 20–ാം തീയതി ഇങ്ങോട്ട് വിളി വന്നു. അമ്മ മരിച്ചു എന്നു പറഞ്ഞ്. അന്ന് ഫ്ലൈറ്റ് പിടിച്ച് അവിടം മുതൽ കരഞ്ഞു കൊണ്ടാണ് വീട്ടിൽ വരെ എത്തിയത്.

ഞാൻ ഇപ്പോൾ നിങ്ങളോട് ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ സത്യസന്ധമായി ഒരു കാര്യം പറയണം. ഇന്നു നിങ്ങൾ ഈ ക്ലാസിനുവേണ്ടി വീട്ടിൽ നിന്നിറങ്ങിയപ്പോൾ എത്ര പേർ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് അമ്മേ ഞാൻ പോയിട്ടു വരാം എന്നു പറഞ്ഞു. കണ്ടോ വളരെ കുറച്ച് പേർ, കാരണം നമുക്കുള്ളൊരു ഈഗോ. നിങ്ങളുടെ പ്രായം എന്താണ് ടീനേജ്. നിങ്ങൾക്കു തോന്നും. നിങ്ങളാണ് എല്ലാം നിങ്ങൾക്കറിയുന്നതുപോലെ അച്ഛനും അമ്മയ്ക്കും ഒന്നും അറിയില്ല. പക്ഷേ നിങ്ങൾ തലേദിവസം അമ്മയുമായി വഴക്കു പിടിച്ചാൽ കൂടി രാവിലെ അമ്മയെ ഒന്നു കെട്ടിപ്പിടിച്ചു അമ്മേ ഞാൻ ഇന്നു നല്ല കുട്ടിയായി പോയിട്ടു വരും എന്നു പറഞ്ഞു നോക്കൂ. പിന്നെ നിങ്ങൾ എന്തു ചെയ്യുന്നതിനു മുൻപും പത്തു വട്ടം ചിന്തിക്കും. നിങ്ങളുടെ അമ്മയോട് എന്തു പറയും എന്ന്.

ഇതേ ചിന്തയായിരുന്നു. അമ്മാവൻ എനിക്ക് ആ നൂറു രൂപ തന്നപ്പോൾ എനിക്കു തോന്നിയത്. എന്റെ ആത്മാഭിമാനം അതു വാങ്ങാന്‍ എന്നെ അനുവദിച്ചില്ല. ഞാൻ പൈസ വേണ്ട എന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി. എന്റെ ക്വാളിഫിക്കേഷൻ അപ്പോൾ എന്തായിരുന്നു. എനിക്ക് അപ്പോൾ ഇംഗ്ലീഷ് അറിയില്ല, ഹിന്ദി അറിയില്ല. ഇപ്പോൾ നമ്മൾ പൊലീസ് സ്റ്റേഷനിൽ പോയിക്കഴിഞ്ഞാൽ അബദ്ധവശാല്‍ എന്തെങ്കിലും ഇംഗ്ലീഷിൽ പറഞ്ഞാൽ അപ്പോൾ പറയും എടോ ഇംഗ്ലീഷൊന്നും വേണ്ട. അതെന്താണെന്നു പറഞ്ഞാൽ അയാൾക്കു നിങ്ങൾ പറയുന്ന ഇംഗ്ലീഷ് മനസ്സിലാകുന്നില്ല. അവിടെയും ഈഗോ.

പക്ഷേ എത്ര പേർ പറയും സാർ എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന്. ഈ ഈഗോ തന്നെയാണ് എന്നെ തിരിച്ചു റെയിൽവേ സ്റ്റേഷനിലേക്ക് പറഞ്ഞയച്ച്. ആ സ്റ്റേഷനിൽ ഞാൻ മൂന്നു ദിവസം കഴിഞ്ഞു. ആ സമയത്തു പ്രധാന ഭക്ഷണം റോബസ്റ്റ പഴം മാത്രമായിരുന്നു. മൂന്നു ദിവസം പഴം മാത്രം കഴിച്ചു വയറിളക്കം പിടിച്ചു. അങ്ങനെ വയ്യാത്ത അവസ്ഥയിൽ വീട്ടിൽ നിന്നു കൊണ്ടുവന്ന ഒരു ഡയറിയുണ്ടായിരുന്നു. അതിൽ കുറച്ച് അഡ്രസൊക്കെ ഉണ്ടായിരുന്നു. അതിൽ നിന്ന് ഒരു മേനോന്റെ അഡ്രസ് തപ്പിയെടുത്ത് ട്രെയിൻ കയറുന്നു. കൃത്യം ടിടിആറിന്റെ മുന്നിൽ ചെന്നു പെടുന്നു. അങ്ങനെ കള്ളവണ്ടി കയറിയതിന് പിടിക്കപ്പെടുന്നു.

അതിനുശേഷം എനിക്കു ചെറിയച്ഛന്റെ കോൾ വരുന്നു. നീ ഝാൻസിയിലേക്ക് ചെല്ലണം. അവിടെ പട്ടാളത്തിലേക്കുള്ള സിലക്ഷൻ നടക്കുന്നുണ്ട്. അവിടെ സിലക്റ്റായാൽ നിനക്കു പട്ടാളത്തിൽ ചേരാം. അങ്ങനെ പല തോൽവിയും ഏറ്റുവാങ്ങി ജീവിതത്തിന്റെ അടുത്ത ടേണിങ് പോയിന്റിലേക്ക് എത്തിപ്പെടുന്നു. ഒരു കാര്യം നിങ്ങൾ ഓർക്കണം ഞാൻ ഒൻപതിലും പത്തിലും തോറ്റു പോയപ്പോൾ ഞാനും അമ്മയും കൂടി പുറത്തു പോകുമ്പോൾ നമ്മുടെ അയൽക്കാർ ചോദിക്കുന്ന ചോദ്യമുണ്ട് മോൻ തോറ്റല്ലേ സാരമില്ല അടുത്ത പ്രാവശ്യം ജയിച്ചോളും. അവരുടെ മുഖത്തു ഭയങ്കര സങ്കടമായിരിക്കും. പക്ഷേ മനസ്സിൽ ലഡുപൊട്ടും. അപ്പോൾ എന്റെ അമ്മ കരയും. ആ കണ്ണുനീരിൽ നമ്മളോടു പറയാത്ത പലതും ഉണ്ടാകും. അത് നമ്മൾ ഊഹിച്ചെടുക്കണം. അതായിരുന്നു എന്റെ ഒരു ടേണിങ് പോയിന്റ്.

പട്ടാളത്തിൽ നല്ല അടിയും ഇടിയും ഒക്കെയായിരുന്നു. 75 ല്‍ ഞാൻ പട്ടാളത്തിൽ ചേർന്നപ്പോൾ. നല്ല അടികിട്ടിയിരുന്നു. അങ്ങനെ ആ ട്രെയിനിങ് പീരിയഡിൽ തോന്നി പത്താംക്ലാസ് പാസായാൽ എങ്ങനെ എന്ന്. അങ്ങനെ പുസ്തകം ഒക്കെ വരുത്തി പഠനം ആരംഭിച്ചു. രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ട്രെയിനിങ്, പരേഡ്, ഓഫീസ് ജോലി അങ്ങനെ പല പല ഡ്യൂട്ടികളാണ്. ഇടയ്ക്ക് 7 –9 വരെ ഫ്രീ റം കിട്ടുന്ന സമയമാണ്. ഞാൻ ആ സമയത്ത് പഠിക്കാൻ തുടങ്ങി. എല്ലാം കഴിഞ്ഞു ചെല്ലമ്പോൾ ഭക്ഷണം ഉണ്ടാകില്ല. പക്ഷേ അതിന്റെ ഒരു ഗുണം ഉണ്ടായത്. ഞാൻ കള്ളു കുടിക്കാന്‍ മറന്നു പോയി എന്നതാണ്. അതുകൊണ്ട് ഇപ്പോഴും ഞാൻ ആരോഗ്യത്തോടെ ഇരിക്കുന്നു. ഇവിടെ ഒരു മരണം ഉണ്ടായാലും ജനനം ഉണ്ടായാലും കുപ്പി വേണം. എന്തിനാണ് നിങ്ങൾ ഇതിനൊക്കെ അടിമപ്പെടുന്നത്. അങ്ങനെ ഞാൻ പഠിച്ചു 10–ാം ക്ലാസും പ്രീഡിഗ്രിയും, ബി.എ ഡിഗ്രിയും ചെയ്തു.

നിങ്ങൾ ഡ്രഗ്സ് ഉപയോഗിക്കരുത്. സയനൈഡ് കഴിച്ചാൽ മരിക്കുമെന്ന് നിങ്ങൾക്കറിയാം. പിന്നെ എന്തുകൊണ്ടാണ് ഈ ലിക്കറും അതുപോലെയുള്ള മയക്കുമരുന്നുകളും നിങ്ങൾ ഉപയോഗിക്കുന്നത്. ഇവ കഴിച്ചാലും മരിക്കും. പിന്നെ എന്തിനാണ് അതുപയോഗിക്കുന്നത് അത് ഒരു സ്ളോ പോയിസൺ ആണ്. ആരും ഉപയോഗിക്കരുത്.

85 ൽ അങ്ങനെ ഒരു ദിവസം ഗുഡ്ഗാവിൽ നിന്ന് വരുമ്പോൾ ഒരാളെ കാണുന്നു. ഞാൻ കാറിൽ സഞ്ചരിക്കുമ്പോൾ ഒരാൾ എന്റെ കാറിന് കൈ കാണിക്കുന്നു. ബ്ലാക്ക് ഡ്രസ് സൈ‍ഡിൽ കമാൻഡോ എന്നെഴുതി വച്ചിട്ടുണ്ട്. ഞാൻ ചോദിച്ചു എന്താണിത് ഏതാണീ ഫോഴ്സ് ആ സമയത്താണ് എൻഎസ്ജി (നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്) നിലവിൽ വന്നത്. അയാളോട് ചോദിച്ചു എന്തൊക്കെയാണ് ഇതിന്റെ ട്രെയിനിങ്. മൂന്ന് മാസത്തെ ട്രെയിനിങ് അത് പാസായിക്കഴിഞ്ഞാൽ കമാൻഡോ ആകാം. പിന്നെ അതെന്റെ സ്വപ്നമായി. നിങ്ങൾക്കൊരു ലക്ഷ്യം വേണം. ടാർഗറ്റ് എന്നു പറയുന്നത് ഒരൊറ്റ ഒരെണ്ണമേ ആകാവൂ. അല്ലാതെ പത്ത് കാര്യങ്ങളെടുത്ത് അതിൽ ഏതെങ്കിലും ഒന്ന് എന്നല്ല. നിങ്ങൾക്ക് ഒരു ലക്ഷ്യം ഉണ്ടാവണം. അതിനെ ചെയ്സ് ചെയ്യണം.

എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എന്റെ ലക്ഷ്യം പട്ടാളത്തിൽ ചേരുക എന്നതായിരുന്നു. പട്ടാളത്തിൽ ചേരുന്നതിന് ഒരു പ്രായം ഉണ്ട്. 24 വയസ്സ് കഴിഞ്ഞാൽ പറ്റില്ല. അതുകാരണം ഞാൻ സിനിമ എന്ന എന്റെ ആഗ്രഹം മാറ്റി വച്ചു. അങ്ങനെ 17 വയസ്സ് കഴിഞ്ഞ സമയത്ത് ഞാൻ പട്ടാളത്തിൽ ചേർന്നു. അതു കഴിഞ്ഞ് ഈ കമാൻഡോയെ കാണുന്ന സമയത്ത് ഞാനും ഒരു കമാൻഡോ ആകണം എന്നു തീരുമാനമെടുത്തു. അതിനുള്ള ട്രെയിനിങ് വളരെ കടുപ്പമേറിയതാണ്. പല ഘട്ടങ്ങള്‍ കഴിഞ്ഞ് ലാസ്റ്റ് 50 കിലോ വെയിറ്റ് ചുമന്നുകൊണ്ടാണ് ഓടേണ്ടത്. അതെല്ലാം ഞാൻ പാസായി.

ലാസ്റ്റ് സ്റ്റേജായപ്പോൾ ഞാൻ വല്ലാതെ ക്ഷീണിച്ചു. ഇതു മതിയാക്കി ഞാൻ ഇനി ഓടുന്നില്ല എന്ന് പറഞ്ഞു വെയിറ്റൊക്കെ താഴെയിട്ടു നിന്നപ്പോൾ ഒരു സുബേദാർ മേജർ വന്നു പറഞ്ഞു, സാർ വെള്ളം കുടിക്ക്. സാർ ഇത് ചെയ്തില്ലെങ്കിലും സാർ പാസായി. പക്ഷേ നാളെ സാർ ഇവിടെ പാസാകുന്ന 130 പേരെ സാറിന് കമാൻഡ് ചെയ്യേണ്ടി വരും.

സാർ നാളെ ഇത് ചെയ്യാൻ അവരോട് പറയുമ്പോൾ അവരിൽ ആരെങ്കിലും ഒരാൾ സാറിനിത് പറയാൻ എങ്ങനെ പറ്റും? സാർ ഇത് ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാൽ സാർ എന്ത് ഉത്തരം പറയും. അപ്പോൾ ഞാൻ ഒന്ന് ആലോചിച്ചു. അപ്പോൾ അയാൾ പറഞ്ഞു സാർ വേറെയൊന്നും ചിന്തിക്കേണ്ട സാർ ഇത് കംപ്ലീറ്റ് ചെയ്താൽ മതി. അദ്ദേഹം പറഞ്ഞത് സാർ താഴെ നോക്കി പുറകിലെ കാൽ മുൻപിലേക്ക് വച്ച് നടന്നാൽ മതി. അതാണ് എക്സ്പീരിയൻസ് അയാൾ വലിയ പഠിത്തമുള്ള ആളല്ല. അയാളുടെ തലമുടി നരച്ചിരിക്കുന്നത് വെറുതെയല്ല എക്സ്പീരിയൻസ്.

എനിക്കുവേണമെങ്കിൽ അയാൾ എന്റെ ജൂനിയറാണ് എന്ന് പറഞ്ഞു കേൾക്കാതിരിക്കാം. പക്ഷേ നമ്മളോട് അഭിപ്രായം പറയുന്നതാരുമായിക്കോട്ടെ നമ്മൾ അത് ശ്രദ്ധിക്കണം. അവരുടെ അനുഭവങ്ങളിൽ നിന്നാവും അവർ നമുക്ക് പറഞ്ഞു തരുന്നത്. നമ്മുടെ ജീവിതത്തില്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാവാം. ആവശ്യം കഴിഞ്ഞ് കളയാനുള്ളതാവരുത് ഫ്രണ്ട്ഷിപ്പ് നമ്മൾ വളരുന്നതോടൊപ്പം അവരെയും നമ്മുടെ കൂടെ കൊണ്ടുപോകണം. അതിൽ സ്വാർത്ഥതയുള്ളവരാകരുത്. വിട്ടുവീഴ്ചകൾ പലതും വേണ്ടിവരും. ഇതൊക്കെയാണ് ഞാൻ കീർത്തിചക്രയിൽ കാണിച്ചിട്ടുള്ളത്.

×