Advertisment

'മകള്‍ക്കൊപ്പം'; സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലെ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ 'മകള്‍ക്കൊപ്പം' എന്ന കാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ത്രീധന പീഡനങ്ങളുടെ പേരില്‍ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.

വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി അവര്‍ക്കു വീണ്ടും ഭാരമാകരുത് എന്നു കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പ്രതിസന്ധികള്‍ ഒറ്റയ്ക്കു നേരിടാന്‍ കഴിയാത്തതും കാരണമാണ്. പെണ്‍കുട്ടികള്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്കു ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലെന്നു ഓരോ പെണ്‍കുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്നു ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'മകള്‍ക്കൊപ്പം' കാമ്പയിന്റെ ഭാഗമായി സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

Advertisment