ഹസ്സൻ തിക്കോടി
/sathyam/media/post_attachments/iHzQq2XHun8Btk4Bm1Op.jpg)
മലബാറികളുടെ അഭിമാനസ്തംഭമാണ് കരിപ്പൂർ വിമാനത്താവളം, അത് നിലനിർത്താൻ ഏതറ്റംവരെയും അവർപോവും. അവരുടെ ജീവനും വികാരവുമായി കണക്കാക്കുന്ന ഈ കുന്നിൻപുറം വൃഥാവിലാക്കാൻ അവർ ആരെയും അനുവദിക്കില്ല. കരിപ്പൂർ വിമാനത്താവളം ഉദയം കൊണ്ട നാൾമുതൽ തുടങ്ങിയതാണ് അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ആദ്യം പേരിനെച്ചൊല്ലിയായിരുന്നു.
മലപ്പുറത്തെ ഭൂമികയിൽ സ്ഥിതിചെയ്യന്ന വിമാനത്താവളത്തിനെന്തിനു “കോഴിക്കോട് വിമാനത്താവളം” എന്ന പേരിട്ടു? ഏറോനോട്ടിക്കൽ രേഖകളിൽ കോഴിക്കോടാണെങ്കിലും അന്നും ഇന്നും അറിയപ്പെടുന്നത് കരിപ്പൂർ എന്ന സ്ഥലപ്പേരിലാണ്. ജന്മം മുതൽ തുടങ്ങിയ കരിപ്പൂർ വിവാദം ഇപ്പോൾ അതിന്റെ മൂര്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഈ വിമാനത്താവളം അടച്ചുപൂട്ടും മുമ്പ് മലബാറുകാർ ചിലതൊക്കെ ചെയ്തേ പറ്റൂ. അല്ലെങ്കിൽ ഈ അഭിമാനസ്തംഭം മലബാറുകാർക്കു അന്യമായിത്തീരും.
ആഗസ്റ്റ് ഏഴാം തിയ്യതി കരിപ്പൂരിലുണ്ടായ ദാരുണവും അവിശ്വസനീയവുമായ വിമാനാപകടത്തോടോ മലബാറിന്റെ കവാടമായ വിമാനത്താവളം വീണ്ടും ചർച്ചാവിഷയമാവുകയും, അപകടത്തെകുറിച്ചുള്ള ഔദ്യോഗിക പഠന റിപ്പോർട്ട് പുറത്തുവരുന്നതിനായി കാത്തിരിക്കാതെ ചില തല്പര കക്ഷികൾ കരിപ്പൂർ അടച്ചുപൂട്ടണമെന്നും വലിയവിമാനങ്ങൾക്കു താൽകാലിക വിലക്കേർപ്പെടുത്തിയും രംഗത്ത് വന്നിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളം പൂർണമായും അടച്ചിടാനായി കേരള ഹൈക്കോടതിയിൽ ഒരു പൊതുതാല്പര്യ ഹരജിപോലും ഫയൽ ചെയ്തരിക്കുകയാണ്.
/sathyam/media/post_attachments/seRZx52EZ0CrFHj08SN1.jpeg)
കഴഞ്ഞ 32 വർഷണങ്ങളായി യാതൊരു തടസ്സവും കൂടാതെ പ്രവർത്തിച്ചുപോന്ന ഒരു വിമാനത്താവളം പൂർണമായും അടച്ചുപൂട്ടണമെന്നുപറയുന്നതിലെ സാംഗ്യാത്യം മനസ്സിലാക്കാനാവുന്നില്ല. അങ്ങനെയാണെങ്കിൽ ഓരോ ചെറുതും വലുതുമായ വിമാനാപകടങ്ങളുണ്ടാവുമ്പോഴും ലോകത്തിൽ എത്രയെത്ര വിമാനത്താവളങ്ങൾ അടക്കണം, എത്രയെത്ര വിമാനകമ്പനികൾ നിർത്തലാക്കണം. പത്തുവർഷം മുമ്പ് മംഗലാപുരം വിമാനത്താവളത്തിൽ അപകടമുണ്ടായപ്പോൾ എന്തൊകൊണ്ടു അവിടെ അടച്ചുപൂട്ടണമെന്നുപറഞ്ഞു ആരും ഹരജി ഫയൽ ചെയ്തില്ല.
ചെറുതും വലുതുമായ ഒത്തിരി വിമാനാപകടങ്ങൾ ലോകത്തെമ്പാടും നടന്നിട്ടും ഒരു വിമാനകമ്പനിയും അവരുടെ വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തിട്ടില്ല. ഇതൊക്കെ യാഥാർഥ്യങ്ങളാണ്, സങ്കല്പികമല്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും,ഡിജിസിഎ യും ഇന്ത്യൻ സിവിൽ ഏവിയേഷനും വെറും നോക്കുകുത്തികളാണോ? ഇന്ത്യയിൽ ആകെ 449 എയർപോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്, 100 വിമാനത്താവളങ്ങൾ സാധാരണ കച്ചവട വിമാനങ്ങളും, 123 വിമാനത്താവളങ്ങളിൽ ഷെഡ്യൂൾഡ് കൊമേർഷ്യൽ വിമാനങ്ങളും വന്നും പോയുമിരിക്കുന്നുണ്ട്. ബാക്കിവരുന്ന വിമാനത്താവളങ്ങൾ ആഭ്യന്തരമായും സൈനിക വിമാനത്താവളമാണ് ഉപയോഗിക്കുന്നു. ഇതിന്റെയൊക്കെ നിയന്ത്രണം വൈദഗ്ധ്യമുള്ള കൈകളായിലായതുകൊണ്ടാണ് അനായാസേന കൈകാര്യം ചെയ്യുന്നത്.
എയർപോർട്ട്അതോറിറ്റയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ 11 ഇന്റർനാഷണൽഎയർപോർട്ടും 81 ഡൊമസ്റ്റിക് എയർപോർട്ടും 8 കസ്റ്റംസ് എയർപോർട്ട്കാളും പ്രവർത്തിക്കുന്നു . ഇവയിൽ പലതും കരിപ്പൂരിനെക്കാൾ നീളം കുറഞ്ഞ റൺവേയും വീതി കുറഞ്ഞ റാസയും ഉള്ളതാണ്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗണസേഷൻ (ആകാവോ) നിഷ്കർശിച്ച മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് 2015 മുതൽ2019 വരെ റൺവേയും റാസയും നവീകരിച്ചശേഷം ഡിജിസിഎയും എമിറേറ്റ് ,സൗദിയ, എയർഇന്ത്യ എന്നീ വിമാനകമ്പനികളുടെ വിദഗ്ധരിൽ വിദഗ്ദ്ധരായവരുടെ നേരിട്ടുള്ള പരിശോധന കഴിഞ്ഞശേഷമാണ് ഇവിടെ വീണ്ടും കോഡ്-ഇ ഗണത്തിൽപെട്ട വിമാനമിറക്കാനുള്ള അനുമതിപത്രം ഡിജിസിഎ കൊടുത്ത്. കരിപ്പൂരിലെ ടേബിൾ ടോപ് വിമാനത്താവളമെന്ന ഓമനപേരുനൽകി അപകടകാരിയെന്നു വിശേഷിപ്പിക്കാനാണ് ചിലരുടെ താല്പര്യം.
അങ്ങനെയാണെങ്കിൽ ലോകത്തിൽ പലയിടത്തുമുള്ള വിമാനത്താവളങ്ങൾ കുന്നിന്മുകളിലാണ്. സമുദ്രനിരപ്പിൽനിന്നു 6000 അടിയുയരത്തിലുള്ള വിമാനത്താവളങ്ങൾപോലുമുണ്ട്. ഹോങ്കോങ് എയർപോർട്ടിൽ വിമാനമിറങ്ങുബോഴുണ്ടാവുന്ന പേടിയൊന്നും ഭാഗ്യവശാൽ കരിപ്പൂരിനില്ല. ഇക്കഴിഞ്ഞ റൺവേ നവീകരണസമയത്തു കേരളത്തിലെ മറ്റേതൊരു വിമാനത്താവളത്തിലെ സാങ്കേതിക മികവിനേക്കാൾ കൂടുതൽ കരൂത്ത് കരിപ്പൂരിനുണ്ട്. റൺവേയുടെ ഘനം ( പി.സി.എൻ) 74, റൺവേ ഷോൾഡർ 7.4, റൺവേ സ്ലോപ് ആവട്ടെ 0.3% ആണെന്നതാണ് കരിപ്പൂരിന്റെ പ്രത്യേകത. പുതുതായി നിർമിച്ച കണ്ണൂരിനുപോലും ഈ സാങ്കേതികത്വം അവകാശപ്പെടാനാവില്ല. അവിടെ പി.സി.എൻ 64 ഉം, കൊച്ചിയിൽ 60 ഉം ആയാണ് നിജപ്പെടുത്തിയത്.
/sathyam/media/post_attachments/Dg4253OkOM3lAB0kRQex.jpg)
ജെംബോ, 777 ബോയിങ് വിമാനങ്ങളുടെ ടേക്ക്ഓഫ് / ലാൻഡിംഗ് വെയിറ്റും കരിപ്പൂരിന് അനുകൂലമായാണ് ഡി.ജി.സി.എ വിലയിരുത്തിയത്. ഏതൊരു വിമാനത്താവളത്തിലും വിമാനമിറക്കാനുള്ള ലാൻഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിനുമെമ്പേ അതതു വിമാനക്കമ്പനികളുടെ സാങ്കേതിക സമിതി നേരിട്ടുവന്നു പരിശോധിച്ചശേഷമായിരിക്കും അവരുടെ വിമാനങ്ങൾ ഓരോ വിമാനത്താവളത്തിലും ഇറക്കുന്നത്. അല്ലാതെ ബസ്സുറൂട് അനുവദിക്കുന്ന ലാഘവത്തോടെ ലോകത്തിലൊരിടത്തും വിമാനകമ്പനികൾക്കു അനുമതി നൽകുന്ന പതിവില്ല.
കൂടാതെ റൺവേയുടെ ഇരുഭാഗത്തും കാറ്റ് (ഇൻസ്റ്റ്‌മെന്റൽ ലാൻഡിംഗ് സിസ്റ്റം)ഉം ആധുനിക സംവിധാനമായ സിമ്പിൾ ടച്ച് ഡൌൺ സോൺ ലൈറ്റിങ്ങും കരിപ്പൂരിൽ റൺവേ റീ കാർപെറ്റിങ് സമയത്തു ഘടിപ്പിച്ചിട്ടുണ്ട്. ഹരജിക്കാരൻ പറയുംപോലെ ഏതെങ്കിലും രാക്ഷ്ര്ടീയ സമ്മർദ്ദം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല . തികച്ചും സാങ്കേതിക പഠനത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് കോഡ്-ഇ പോലും ഇവിടെ വീണ്ടും ഇറങ്ങിയത്. ഞാൻ മനസ്സിലാക്കുന്നത് ഹരജിക്കാരൻ കേവലം ഒരു വ്യക്തിയല്ല, അദ്ദേഹത്തിന് സമൂഹത്തോടുള്ള താല്പര്യവുമായിരിക്കില്ല ഇത്തരം ഒരു ഹരജി ഫയൽ ചെയ്യാൻ പ്രേരിപ്പിച്ചത്, പകരം നിഗൂഢമായ മറ്റെന്തെങ്കിലും താല്പര്യമുണ്ടോ എന്നുകൂടി കക്ഷി ചേരുന്നവർ ആലോചിക്കണം. 150 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരത്തോടു കാണിക്കാത്ത ദയാവായ്പ്പു 18 പേർ മാത്രം മരിച്ച കരിപ്പൂർ അപകടത്തോട് കാട്ടുമ്പോൾ അത് തീർച്ചയായും പരിശോധിക്കേണ്ടതാണ്.
കരിപ്പൂരിനില്ലാത്ത ഒരേയൊരു ന്യൂനത ആ കുന്നിൻ പുറത്തെ സ്ഥലപരിമിതിയാണ്. 32 വർഷംമുമ്പ് ഏറ്റെടുത്ത 350 ഏക്കറിലാണ് ഇന്നും ഈ വിമാനത്താവളവും നിൽക്കുന്നത്. അതിനുത്തരവാദികൾ കേരളത്തിലെ രാക്ഷ്ട്രീയ നേതൃത്വവും, പ്രത്യകിച്ചും മലപ്പുറത്തെ രാക്ഷ്ട്രീയക്കാരുമാണ്. അവർ ആത്മാർഥമായി വിചാരിച്ചിരുന്നെങ്കിൽ അനായാസേന സാധിക്കുമായിരുന്ന സ്ഥലമേറ്റെടുക്കൽ ഇത്രയും വർഷം നീട്ടികൊണ്ടുപോയതിനു പുറകിലെ നിഗൂഢത ഒരു യക്ഷിക്കഥ പോലെ ഇന്നും തുടരുന്നു. കുന്നിൻ മുകളിലെ അഗാധ ഗർത്തങ്ങൾ നീക്കം ചെയ്യാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് എലിവേറ്റഡ് റൺവേ പണിതാൽ പരിഹരിക്കാംവുന്നതേയുള്ളൂ. അങ്ങനെ പണിയുകയെങ്കിൽ റൺവേക്കു താഴെ ഓഫീസുകൾക്കും, ഡ്യൂട്ടിഫ്രീ ഷോപ്പിനു മറ്റും ഉപയോഗിക്കാവുന്നതാണ്. ആംസ്റ്റാർഡാമിലെ സ്കിപ്പോൾ എയർപോർട്ട് അമേരിക്കയിലെ പല എയർപോർട്ടുകളും എലിവേറ്റഡ് സിസ്റ്റത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. അതോടെ ഗർത്തങ്ങൾ മണ്ണിട്ട് നികത്താനുള്ള പ്രയാസങ്ങൾ കുറഞ്ഞുകിട്ടും.
മലബാറുകാർ ഒറ്റക്കെട്ടാവുക
കരിപ്പൂർ വിമാനാപകടത്തിനുശേഷം മലബാറിലെ ചെറുതും വലതുമായ ഒട്ടനവധി സംഘടനകൾ കരിപ്പൂരിനു അനുകൂലമായി വിമാനത്താവളം നിലനിർത്താനായുള്ള മുറവിളികൾ മാധ്യമങ്ങളിലും , ചാനലിലുകളിലും , സോഷ്യൽ മീഡിയകളിലും സജീവമായിരിക്കുകയാണ്. പലരുടെയും ശബ്ദങ്ങൾ ഒറ്റപ്പെട്ടതാണ്. അവ അർഹിക്കുന്ന ആഴത്തിൽ എവിടെയും എത്തിച്ചേരാതെ ഏതോ നിഗൂഢ ശക്തികളുടെ കരങ്ങളാൽ അടിച്ചമർത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. നാളിതുവരെ നടന്ന ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് പകരം മലബാറിലെ എല്ലാ സംഘടനകളും ഒരുമിച്ചു ഒറ്റകെട്ടായി പ്രവർത്തിക്കുകയാവും കാര്യങ്ങൾ നേടിയെടുക്കാനുത്തമം. എല്ലാ സംഘനകളുടെയും ഒരു ഐക്യവേദി അടിയന്തിരമായും രൂപപ്പെടണം.” യുണൈറ്റഡ് മലബാർ ഓർഗനൈസഷൻ” (യു.എം.ഓ )എന്ന വേദി ഇനിയെങ്കിലും കക്ഷിരാക്ഷ്ട്രീയ മത ചിന്തകൾക്കതീതമായി ഉണ്ടായാൽ മാത്രമേ കരിപ്പൂരിന്റെ വികസനം സാധ്യമാവൂ.
സ്ഥാനമാനങ്ങളേക്കാളുപരി ദേശ താല്പര്യം മുൻനിർത്തി പ്രവർത്തിക്കാൻ അവർ സന്നദ്ധമാവണം. 32 വർഷമായി ഒരിഞ്ചു ഭൂമി പോലും അധികമായി വാങ്ങിത്തരാൻ കേരളസർക്കാറിനായിട്ടില്ല. യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണം വർധിക്കുന്നതിന്നതിന്നനുസരിച്ചു ഏതൊരു വിമാനത്താവളവും വികസിക്കേണ്ടത് അനിവാര്യമാണ് . 350 ഏക്കർ സ്ഥലം 35 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ മതിയാവാത്തതാണെന്നു മനസ്സിലാവാത്തവരണോ നമ്മുടെ ഭരണകൂടം. വരുമാനത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനം അലങ്കരിക്കുന്ന കരിപ്പൂരിനുവേണ്ടി കേവലം 167 ഏക്കർ സ്ഥലമെങ്കിലും എടുത്തുനൽകാൻ കേരള സർക്കാർ മടികാണിക്കുന്നതെന്തുകൊണ്ടാണ് ? ഈ സ്ഥലം ലഭ്യമാവുന്നതോടെ കരിപ്പൂരിലെ റൺവേ 3200 -3500 അടിവരെ നീട്ടാൻ സാധിക്കും. കൂടാതെ മറ്റു അനുബന്ധ സംവിധാനങ്ങളും കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും വിധത്തിലുള്ള ഒരു മാസ്റ്റർപ്ലാൻ ഇതിനകം ഡിജിസിഎക്കു സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരം വെറും 30 ഏക്കർ റൺവേ വികസനത്തിനു മറ്റൊരു 15 ഏക്കർ കാർ പാർക്കിങ്ങിനും കിട്ടിയിരുന്നെങ്കിൽ കരിപ്പൂർ ഒരു ആധുനിക എയർപോർട്ട് ആയി മാറുമായിരുന്നു. കരിപ്പൂർ എയർപോർട്ട് വികസനത്തിനായി ആയിരം കോടി രൂപയും സിവിൽ ഏവിയേഷൻ മാത്രാലയം വകയിരുത്താൻ തയ്യാറായിട്ടും കേരള സർക്കാരിന്റെ അലംഭാവം കാരണം ആ ഫയൽ എവിടെയോ മറച്ചിരിക്കുകയാണ്. അഞ്ചോ അമ്പതോ വക്തികളുടെ സംഘടനകൾ നൽകുന്ന കടലാസ് നിവേദനങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന യാഥാർഥ്യം 32 വർഷമായിട്ടും മലബാറുകാർക്കു മനസ്സിലാവാതെ പോയത് അവർ വ്യക്തികൾ മാത്രമായത് കൊണ്ടാണ്. അതിലുപരി ഒരു ദേശത്തിന്റെ മൊത്തം ശക്തിയുമായി ഒത്തൊരുമിച്ചു സമീപിച്ചാൽ ഏതൊരു സർക്കാരും കണ്ണുതുറക്കും.
ഒരു മിയാൽ മോഡൽ ചിന്തിച്ചുകൂടെ:
കേന്ദ്ര ഗവെർമെന്റിന്റെ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ വൽക്കരിക്കുന്ന പദ്ധതിയിൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകൾ ഉൾപ്പെടുന്നു. ഇതിനകം 6 എയർപോർട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് നടത്തിപ്പിനായി നൽകിക്കഴിഞ്ഞു. മറ്റു 25 എയർപോർട്ടുകൾ ഇതിനകം തെരഞ്ഞെടുത്തതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്റ്റാറ്റൂട്ടറി ബോഡി ചെയർമാൻ ഗുരുപ്രസാദ് മോഹപാട്ര ഇക്കഴിഞ്ഞ ജൂലായിൽ വെളിപ്പെടുത്തിയിരുന്നു.
അതിൽ കരിപ്പൂരും ഉൾപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവെച്ച സ്വകാര്യവൽക്കരണ പദ്ധതി അടുത്തവർഷം ആദ്യത്തോടെ ആരംഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ വരുമ്പോൾ കരിപ്പൂരിന്റെ ലേലപ്രക്രിയകളിൽ മലബാറുകാർ അവരുടേതായ ശക്തിയോടെ പങ്കെടുക്കുകയും മറ്റൊരു പി.പി.പി. മോഡലിലൂടെ കരിപ്പൂർ സ്വന്തമാക്കുകയും വേണം. അല്ലാത്തപക്ഷം, ജി.എം.ആർ , ജി.വി.കെ., അദാനി, റിലയൻസ് എന്നിവരിൽ ആരുടെയെങ്കിലും കൈകളിൽ കരിപ്പൂർ എത്തിച്ചേരും. കോഴിക്കോട്ടെയും, മലപ്പുറത്തെയും,വയനാട്ടിലെയും, പാലക്കാട്ടെയും മുതലാളിമാരും കച്ചവടക്കാരും, സാധാരണക്കാരും, പ്രത്യത ഗൾഫ് മലയാളികൾക്കും പ്രാതിനിധ്യമുള്ള ഒരു കമ്പനി സിയാൽ-കിയാൽ മോഡലിൽ രൂപീകരിക്കുകയും അതിലൂടെ കരിപ്പൂരിനെ സ്വന്തമാക്കുകയും വേണം.
മലബാർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) കമ്പനി വരുന്നതോടെ കരിപ്പൂരിന്റെ പൂർണ്ണ നിയന്ത്രണം മലബാറുകാരുടെ കൈകളിൽ എത്തിച്ചേരുകയും മലബാറിന്റെ മൊത്തമായ വികസനത്തിൽ പൂർണ പങ്കാളിയാവാൻ ഓരോ മലബാരിക്കും സാധിക്കുകയും ചെയ്യും. ഇവിടത്തെ എല്ലാ ചൈമ്പറുകളും, കച്ചവടക്കാരും, വിവിധ സംഘടനകളും, ഈ പ്രദേശങ്ങളിലെ ഗൾഫ് മലയാളികളും ഒത്തൊരുമിച്ചായിരിക്കണം ഇത്തരം ഒരു കമ്പനിക്കു രൂപം കൊടുക്കേണ്ടത്. ഈ കോവിഡ് കാലത്തു അത്തരമൊരു പദ്ധതിയെക്കുറിച്ചു ചിന്തിച്ചാൽ കോവിഡാനന്തരം മലബാറിന്റെ വികസനം സുനിശ്ചിതമാക്കാൻ നമുക്ക് സാധിക്കും.
ആകാശയാത്രകൾ ആരുടേയും കുത്തകയല്ല. അത് ഇതിനകം സാധാരണക്കാരിലേക്കും എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയും എയർപോർട്ട് വികസനത്തിനു മുൻതൂക്കം കൊടുക്കുന്നു. ഇന്ത്യൻ വ്യോമയാന വിഭാഗം ഇന്ത്യയിൽ അനതിവിദൂരമായ ഭാവിയിൽ പന്ത്രണ്ടോളം പുതിയ ഗ്രീൻഫീൽഡ് എയർപോർട്ടുകളും നിലവിലുള്ളവ ബ്രൗൺ ഫീൽഡ് എയർപോർട്ടുകൾ നവീകരിക്കാനും ഉദ്ദേശിക്കുന്നു. അതിന്നായി 25,000 കോടി രൂപയുടെ ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നു.
തൊട്ടടുത്ത എയർപോർട്ടുകൾ ഭീഷണിയാണോ?
കൊച്ചിയിലെയോ കണ്ണൂരിലെയോ സ്വകാര്യ എയർപോർട്ടുകൾ കരിപ്പൂർ വികസനത്തിന് ഒരിക്കലും ഭീഷണിയാവില്ല, അവരുടെ കൈകളാണ് കരിപ്പൂരിന് തടസ്സം നിൽകുന്നതെന്ന വാദവും ശരിയല്ല. കാരണം ഓരോ വിമാനത്താവളങ്ങൾക്കും അതിന്റെതായ പ്രാധാന്യമുണ്ട്. 100 കിലോമീറ്റർ ചുറ്റളവിൽ 4 വിമാനത്താവളങ്ങൾ ഉണ്ടായിട്ടും തിരക്കൊഴിവാക്കാനാവാതെ വീർപ്പുമുട്ടുന്ന രാജ്യങ്ങൾ എത്രയോ ഉണ്ട്. കാരണം വിമാനയാത്രകൾ സർവസാധാരണമായി മാറിയിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം ജീവിക്കുന്നത്.
ഹൈപർലൂപ് യാത്രകളാണ് ഇനിയുള്ള കാലങ്ങളിൽ നടക്കാൻ പോവുന്നത്. അമേരിക്കയിൽ ആമസോൺ മുതലാളി ബ്ലൂ ഒറിജിൻ എന്ന ആകാശക്കൊട്ടാരം കെട്ടുന്ന ഈ യുഗത്തിൽ തൊട്ടടുത്ത വിമാനത്താവളം മറ്റൊന്നിനു എതിരാണെന്ന ധാരണകൾ നമുക്ക് തിരുത്തിയേപറ്റൂ. പക്ഷെ, കരിപ്പൂർ വികസിപ്പിക്കുകയല്ലാതെ അതിനു മറ്റുപരിഹാരം ഒന്നുമില്ല.
ഹജ്ജ് കണ്ണൂരിൽ
ഇങ്ങനെ പോയാൽ അടുത്ത ഹജ്ജ് വിമാനങ്ങൾ കണ്ണൂരിലേക്കു മാറ്റപ്പെടും. കാരണം അപകടമുണ്ടായി ഒന്നരദിവസത്തിനകം വലിയ വിമാനങ്ങൾക്കു ഡിജിസിഎ വിലക്കേർപ്പെടുത്തിയെങ്കിൽ അതിനർത്ഥം കോഡ്-ഇ വിമാനങ്ങൾ എന്നെന്നേക്കുമായി കരിപ്പൂരിൽ വരുത്താൻ ആരെക്കൊയോ തടസ്സം നിൽക്കുന്നു എന്നാണ്. വലിയ വിമാനങ്ങളിറങ്ങാതെ ഹജ്ജിനു യാത്രക്കാരെ കൊണ്ടുപോവാനാവില്ല.
അതോടെ സൗദിയയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ കരിപ്പൂരിൽ നിന്നും നിർത്തലാക്കും. നെറോബോഡി വിമാനങ്ങൾ ദീർഘദൂര യാത്രകൾക്ക് വിമാനകമ്പനികൾക്കു ലാഭകരമാവില്ല. ഉപയകക്ഷി കരാറിൽ ദുബായ്ക്കുള്ള സീറ്റുകൾ വർധിപ്പിച്ചാൽ എമിറേറ്റ് വലിയവിമാനങ്ങൾ ഉപയോഗിക്കാനുള്ള പഠനങ്ങൾ കരിപ്പൂരിൽ നടത്തിയതും വൃഥാവിലാവും. കാരണം എമിറേറ്റ്സ് വലിയവിമാങ്ങൾ മാത്രമാണുപയോഗിക്കുന്നതു.
കൊറോണ കാലമായതിനാൽ പ്രത്യക്ഷമായ സമരങ്ങൾ നടത്താൻ പ്രയാസമാണെന്ന് ഭരണകൂടത്തിന്നറിയാം. കോടതികളിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനു അതിന്റെതായ സമയവും കാലതാമസവും വരും. അതോടൊപ്പം സർക്കാർ ഇപ്പോഴുള്ള കാലികമായ സംഭവങ്ങളിൽനിന്നുള്ള ഊരാക്കുടുക്കിൽനിന്നും മുഖം രക്ഷിക്കാനുള്ള കഠിനയജ്ഞത്തിലുമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേറെയും.
പൊതുവെ മലബാറിന്റെ പ്രത്യകിച്ചു കരിപ്പൂരിന്റെ കാര്യത്തിൽ ഇപ്പോഴത്തെ സർക്കാരിനുള്ള താൽപര്യക്കുറവ് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. വലിയവിമാനങ്ങളുടെ വിലക്ക് അടിയന്തിരമായും നീക്കിയില്ലെങ്കിൽ എമിറെറ്റസും , സൗദിയും കരിപ്പൂരിന് അന്യമാവും. അതോടെ മറ്റു വിമാനക്കമ്പനികളും കണ്ണൂരിലേക്കും കൊച്ചിയിലേക്കും താല്പര്യം കാണിക്കും. അതോടെ കരിപ്പൂർ കേവലം ആഭ്യന്തരവിമാനത്താവളമായി പരിണമിക്കും. ഭാവിയിൽ ഒരുപക്ഷെ ഒരു സൈനിക വിമാനത്താവളമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതുകൊണ്ടു കരിപ്പൂരിനെ രക്ഷിക്കാൻ ഒരേഒരു മാർഗമേ കോഴിക്കോട്ടുകാർക്കും മലപ്പുറത്തുകാർക്കുമുള്ളൂ. ഒന്നിക്കുക, കോഴിക്കോട്ടെയും, മലപ്പുറത്തെയും ചേമ്പറുകൾ, ചെറുതും വലുതുമായ സംഘടനകൾ, വ്യവസായ പ്രമുഖർ, മാധ്യമങ്ങൾ എല്ലാം ഒരുമിക്കുകയും ഒരു ഐക്യവേദിക്ക് രൂപം കൊടുത്തുകൊണ്ട് ആദ്യ സ്ഥലമെടുപ്പും, പിന്നെ എയർപോർട്ട് വികസനത്തിനായി പുതുതായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ സിവിൽ ഏവിയേഷൻ മാത്രാലയത്തെ സമീപിക്കുകയും ചെയ്യുക.
ഏറ്റവും ചുരുങ്ങിയത് 30 +15 ഏകകർ ഭൂമിയെങ്കിലും അടിയന്തിരമായും ഏറ്റെടുക്കാൻ കേരളസർക്കാർ അമാന്തം കാണിക്കാതെ അവ താമസംവിനാ എയർപോർട്ട് അതോറിറ്റിയെ ഏൽപ്പിച്ചാൽ ആയിരം കോടി മുടക്കി അവർ കരിപ്പൂരിലെ വലുതാകും, വികസിപ്പിക്കും. ഇന്നിന്റെ കൊറോണ കാലമൊക്കെ നമ്മൾ അതിജീവിക്കും, നാടും നഗരവും പഴയപ്രതാപത്തോടെ തിരിച്ചുവരും. ടൂറിസവും, മറ്റു വ്യവസായങ്ങളും കൂടുതൽ ശക്തിയോടെ തഴച്ചുവളരും. അപ്പോഴേക്കും മലബാറുകാർക്കു അവരുടെ കരിപ്പൂർ പൂർവാധികം പ്രതാപത്തോടെ കെട്ടിപ്പൊക്കണം. അതോടൊപ്പം മലബാർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (മിയാൽ) എന്ന കമ്പനിയെക്കുറിച്ചും ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കണം. അതായിരിക്കട്ടെ മലബാറുകാരുടെ അടുത്ത ലക്‌ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us