കേരളം

നാലുകുട്ടികള്‍ ഉള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വച്ച് നല്‍കാന്‍ പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപത ! കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ പാലാ രൂപതയെ കടത്തിവെട്ടി പത്തനംതിട്ട രൂപത. നാലുകുട്ടികളുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍തൂക്കം. കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷനും നല്‍കും. വലിയ കുടുംബങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മെത്രാനുമൊത്ത് ഒരു ദിവസം ചിലവിടാമെന്നും ഓഫര്‍ ! കൂടുതല്‍ കുട്ടികള്‍ക്കായി ഇനിയും കൂടുതല്‍ ഓഫര്‍ രൂപതകള്‍ നല്‍കുമോയെന്ന് പ്രതീക്ഷിച്ച് വിശ്വാസികള്‍

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, July 31, 2021

കോട്ടയം: കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള സാമ്പത്തിക സഹായവുമായി കൂടുതല്‍ കത്തോലിക്കാ രൂപതകള്‍ രംഗത്തേക്ക്. പാലായ്ക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സാമ്പത്തികമായി സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് പത്തനംതിട്ട സിറോ മലങ്കര രൂപതയാണ്. ഇവര്‍ നാലു കുട്ടികളുള്ള കുടുംബത്തിന് പ്രതിമാസം 2000 രൂപയാണ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

2000ത്തിനു ശേഷം വിവാഹിതരായ ദമ്പതികള്‍ക്കാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്. നാലാമത്തെ കുട്ടിയുടെ ജനനം മുതല്‍ പ്രസവചിലവിലേക്ക് സാമ്പത്തിക സഹായം രൂപത നല്‍കുമെന്നും വാഗ്ദാനമുണ്ട്. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭയുടെ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കും.

നാലുകുട്ടികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷനും മുന്‍ഗണനയുണ്ടാകും. ഈ കുടുംബങ്ങളുടെ കാര്യം നോക്കാനായി മാത്രം ഒരു പുരോഹിതനും കന്യാസ്ത്രീക്കും പ്രത്യേക ചുമതല നല്‍കുമെന്നും രൂപതയുടെ തീരുമാനമുണ്ട്.

വര്‍ഷത്തിലൊരിക്കല്‍ വലിയ കുടുംബങ്ങളുമായി രൂപതാധ്യക്ഷന്‍ ഒത്തുചേരുമെന്നും രൂപതാധ്യക്ഷന്‍ ഡോ. സാമുവല്‍ മാര്‍ ഐറീനിയോസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഉണ്ട്. എന്തായാലും പാല രൂപതയെക്കാള്‍ ആനുകൂല്യങ്ങളാണ് പത്തനംതിട്ട രൂപത പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു രൂപതകള്‍ കൂടി ഇനിയും വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

×