മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പരിശുദ്ധ മാർ ബസേലിയോസ് കാത്തലിക്ക ബാവയ്ക്ക് പിൻ​ഗാമിയെ കണ്ടെത്താനുള്ള നീക്കത്തെ ചൊല്ലി സഭയിൽ തർക്കം രൂക്ഷമാകുന്നു: നിയുക്ത ബാവയെ തെരഞ്ഞെടുക്കാനുള്ള അടിയന്തര മാനേജിം​ഗ് കമ്മിറ്റി നടപടി ക്രമങ്ങൾക്ക് എതിരെന്ന് പുതിയ വിവാദം! വർക്കിം​ഗ് കമ്മിറ്റിയിലും മാനേജിം​ഗ് കമ്മിറ്റിയിലും ചേരിതിരിവ് രൂക്ഷം

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Friday, May 7, 2021

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയിൽ ഒരു വലിയ പൊട്ടിത്തെറിക്കു സാധ്യതകൾ ഉരുണ്ടു കൂടുകയാണ്. നിയുക്ത കത്തോലിക്കാ ബാവയെ തെരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷൻ യോഗം ഓൺലൈൻ ആയി അതായത് സൂം സാങ്കേതികവിദ്യ പ്രകാരം സംഘടിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ചേർന്ന മലങ്കര സഭാ മാനേജിങ്ങ് കമ്മിറ്റി കൈക്കൊണ്ടതാണ് ഇപ്പോൾ അതിഗുരുതരമായ പ്രശ്നവും തർക്കവുമായി വളർന്നുകൊണ്ടിരിക്കുന്നത്.

സാധാരണയായി 20 ദിവസത്തെ നോട്ടീസ് നൽകി വിളിച്ചുകൂട്ടേണ്ട മാനേജിങ്ങ് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേർന്നത് വെറും ഒരു ദിവസത്തെ നോട്ടീസ് നൽകി. സഭയുടെ അടിസ്ഥാന ജനാധിപത്യ വേദിയായ മലങ്കര അസോസിയേഷൻ ഓൺലൈനായി ചേരുന്നതിൽ നിയമപരമായ പ്രശ്നങ്ങളില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകർ അറിയിച്ചു. പക്ഷെ ഈ അഭിപ്രായത്തോട് സഭയിൽ വിയോജിപ്പു പരക്കുകയാണ്.

ഇപ്പോഴത്തെ കത്തലിക്കാ ബാവാ പരിശുദ്ധ പൗലോസ് മാർ ബസേലിയോസ് കുറേ കാലമായി അവശതയിൽ പരുമല ആശുപത്രിയിൽ കിടക്കുന്നതിനാൽ നിയുക്ത കത്തോലിക്കാ ബാവായെ തെരഞ്ഞെടുക്കേണ്ടത് അടിയന്തിരാവശ്യമായി വന്നിരിക്കുന്നതിനാലാണ് ഓൺലൈൻ സംവിധാനത്തിൽ മാനേജിങ്ങ് കമ്മിറ്റി യോഗം ചേർന്ന് ഓൺലൈനായിത്തന്നെ മലങ്കര അസോസിയേഷൻ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്. 1400 പള്ളി പ്രതിപുരുഷന്മാരുടെ സംഘമാണ് മലങ്കര അസോസിയേഷൻ. പൗരാണികമായ ചിട്ടവട്ടങ്ങളോടെയാണ് ഓരോ തവണയും ഈ സംഘം യോഗം ചേരുന്നത്.

അംഗങ്ങളിൽ 51 ശതമാനം പേരുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഏതു തീരുമാനത്തിനും അംഗീകാരം കിട്ടൂ. അംഗങ്ങളുടെയൊക്കെയും യഥാർഥമായ സാന്നിധ്യവും അതിൻറെ സത്യാവസ്ഥയും ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനത്തിനു കഴിയില്ലെന്ന് ഈ നീക്കത്തെ എതിർക്കുന്നവർ കുറ്റപ്പെടുത്തുന്നു. “ഇതു തീർത്തും സുതാര്യമല്ലാത്ത ഒരു നടപടിയാണ്. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പുതിയ നിയുക്ത കത്തോലിക്കാ ബാവായെ തെരഞ്ഞെടുക്കുന്ന നടപടി അങ്ങേയറ്റം സുതാര്യമായിരിക്കണം”, മാനേജിങ്ങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഒരംഗം പറഞ്ഞു.

എതിരഭിപ്രായം പറയാൻ ശ്രമിച്ചവരുടെ ശബ്ദം മ്യൂട്ട് ചെയ്ത് അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള നടപടിയുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1934 -ലെ ഭരണഘടന അനുസരിച്ചാണ് സഭയുടെ എല്ലാ സുപ്രധാന നടപടിക്രമങ്ങളും നടക്കേണ്ടതെന്നിരിക്കെ, നിയുക്ത കത്തോലിക്കാ ബാവായെ തെരഞ്ഞെടുക്കുന്നതു പോലെയുള്ള അങ്ങേയറ്റം സുപ്രധാനമായ ഒരു നടപടിക്രമത്തിലേയ്ക്കു നീങ്ങാൻ ഇലക്ട്രോണിക് രീതികളെ ആശ്രയിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ബിഷപ്പുമാരിലും മലങ്കര അസോസിയേഷനിലും വർക്കിങ്ങ് കമ്മിറ്റിയിലും മാനേജിങ്ങ് കമ്മിറ്റിയിലും വ്യക്തമായ ചേരിതിരിവ് രൂപപ്പെട്ടുകഴിഞ്ഞു. സഭയ്ക്ക് ഒരു നിയുക്ത കത്തോലിക്കാ ബാവാ ഉണ്ടാകേണ്ടത് അടിയന്തിരാവശ്യമാണ്. ഇങ്ങനെയൊരു അടിയന്തിര സാഹചര്യത്തിലേക്കെത്തിക്കുന്ന വിധത്തിൽ ഈ തെരഞ്ഞെടുപ്പ് എന്തിന് ഇത്രകാലം നിട്ടിക്കൊണ്ടുപോയി എന്ന ചോദ്യവും ഉയരുന്നു. ചോദ്യങ്ങൾ സഭാംഗങ്ങൾക്കിടയിൽ കാട്ടുതീപോലെ പടരുകയാണ്.

കത്തോലിക്കാ ബാവായാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ ഏറ്റവും ഉയർന്ന അധികാര കേന്ദ്രം. വിശ്വാസം, അച്ചടക്കം, പട്ടത്വം എന്നിവയിലൊക്കെയം കത്തോലിക്കാ ബാവായ്ക്കാണ് അധികാരം. തൊട്ടു താഴെ മലങ്കര മെത്രാപ്പോലീത്താ എന്നൊരു സുപ്രധാന സ്ഥാനമുണ്ട്. ആകമാന സഭയുടെ ഭരണച്ചുമതല മലങ്കര മെത്രാപ്പോലീത്തയ്ക്കാണ്. രണ്ട് അധികാര കേന്ദ്രങ്ങൾ സഭയ്ക്ക് ആവശ്യമില്ലെന്നുകണ്ട് 1930 -കളിൽ വട്ടശേരിൽ മാർ ദിവന്നാസ്യോസ് തിരുമേനി ഈ രണ്ടു സ്ഥാനങ്ങളും കത്തോലിക്കാ ബാവാ എന്ന ഉന്നത സ്ഥാനത്തിൽ ഒന്നിപ്പിക്കുകയായിരുന്നു.

ഇപ്പോഴത്തെ കത്തോലിക്കാ ബാവാ വളരെ ക്ഷീണിതനാകയാൽ നിയുക്ത കത്തോലിക്കാ ബാവയെ തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാകുകയും ചെയ്തിരിക്കുന്നു. കോവിഡ് രൂക്ഷമായതിനാൽ അതിനു സാധിക്കാത്ത സാഹചര്യവും. ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ സഭയിലെ ഏറ്റവും മുതിർന്ന ബിഷപ്പിന് കത്തോലിക്കാ വാവായുടെ സ്ഥാനം തൽക്കാലത്തേയ്ക്കു നൽകാമെന്ന വ്യവസ്ഥ ഭരണഘടനയിൽ പറയുന്നുണ്ടുതാനും.

സഭയുടെ എല്ലാ തട്ടിലും ആലോചനകൾ മുറുകുകയാണ്. സംഘർഷവും. കൊച്ചിയിൽ നിയമനടപടികൾക്കുള്ള നീക്കവും മുന്നേറുന്നു.

×