മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു; പിന്നില്‍ സി.പി.എം എന്ന് യു.ഡി.എഫ് ; രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എം

New Update

മലപ്പുറം: മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് സമീര്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഘര്‍ഷം നടന്നത്. കുത്തേറ്റ മുഹമ്മദ് സമീറിനെ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു.

Advertisment

publive-image

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേത്ത് യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. മുതിര്‍ന്ന നേതാക്കളും പൊലീസും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.

എന്നാല്‍ ഇന്നലെ രാത്രിയില്‍ അങ്ങാടിയില്‍ വീണ്ടും അടിപിടി ഉണ്ടാവുകയും ഉമ്മര്‍ എന്ന ലീഗ് പ്രവര്‍ത്തകന് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇത് കണ്ട് തൊട്ടടുത്ത കടയിലുണ്ടായിരുന്ന മുഹമ്മദ് സമീര്‍ ഓടിയെത്തി പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ കുത്തുകയായിരുന്നെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. സി.പി.എം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകം ആണെന്നും അവര്‍ പറയുന്നു. പരിക്കേറ്റ ഉമ്മറിന്റെ ബന്ധുവാണ് മരിച്ച മുഹമ്മദ് സമീര്‍.

രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എം പറയുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്തവരെല്ലാം രണ്ട് കുടുംബങ്ങളില്‍ പെട്ടവരാണെന്നും അവര്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാഷ്ട്രീയ സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും പൊലീസ് പറഞ്ഞു.

murder case crime
Advertisment