തിരൂർ: ഹോട്ടലുടമ സിദ്ദിഖ് കൊലപാതകക്കേസിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നടക്കാവ് പൊലീസ് ഇന്ന് അപേക്ഷ നൽകും. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാകും പൊലീസ് കസ്റ്റേഡിയപേക്ഷ നൽകുക. തിരൂർ പൊലീസ് അന്വേഷിച്ച കേസ് നടക്കാവ് പൊലീസിന് കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയിരുന്നു.
കേസിലെ പ്രതികളായ ആഷിഖ്, ഷിബിലി, ഫർഹാന എന്നിവരുടെ റിമാൻഡ് കാലാവധി തീർന്നിരുന്നു. അതിനാൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിലെടുക്കാനാകും നടക്കാവ് പൊലീസ് അപേക്ഷ നൽകുക. പ്രതികളുമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും മറ്റ് തെളിവെടുപ്പുകൾ നടത്താനുമാണ് കസ്റ്റേഡിയപേക്ഷ സമർപ്പിക്കുന്നത്.
കൊലപാതകം ഹണിട്രാപ്പാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി സിദ്ദിഖിന് ഫർഹാന ഹണി ട്രാപ്പ് കെണിയൊരുക്കി. ഫർഹാനയും കൊല്ലപ്പെട്ട സിദ്ദിഖും നേരത്തെ പരിചയമുണ്ടായിരുന്നു. സംഭവദിവസം മൂന്ന് പ്രതികളും നേരത്തെ ഹോട്ടലിലെത്തി. തന്റെ നഗ്ന ഫോട്ടോകൾ എടുക്കാൻ വിസമ്മതിച്ചുകൊണ്ട് സിദ്ദിഖ് ചെറുത്തുനിന്നപ്പോൾ കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഫർഹാന സിദ്ദിഖിന്റെ തലയ്ക്കടിച്ചു. തുടർന്ന് മറ്റ് പ്രതികളും സിദ്ദിഖിനെ മർദിച്ചു.