മഞ്ജുവും ശ്രീകുമാറും തമ്മില്‍ തെറ്റുന്നത് ഉദാഹരണം സുജാത മുതല്‍. ഒടിയനില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞത് മോഹന്‍ലാല്‍ ! 85 ദിവസം ജയിലില്‍ കിടന്ന ദിലീപിനെ ഇനിയും ഉപദ്രവിക്കാനില്ലെന്ന് മഞ്ജു നിലപാടെടുത്തപ്പോള്‍ ശ്രീകുമാര്‍ വാശി ഉപേക്ഷിച്ചില്ല. ഒടുവില്‍ പരസ്പരം ദ്രോഹിക്കാനില്ലെന്ന് ദിലീപും മഞ്ജുവും ധാരണയിലെത്തിയപ്പോള്‍ ‘ശ്രീ’ ഒറ്റയ്ക്കായി. മഞ്ജു – ശ്രീകുമാര്‍ വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 22, 2019

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വി എ ശ്രീകുമാര്‍ മേനോന്‍ എന്ന പരസ്യ സംവിധായകനാണെന്ന് വിശ്വസിച്ചവര്‍ ഏറെയാണ്‌.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ദിലീപിനെ സാക്ഷിയാക്കി മഞ്ജുവാര്യര്‍ നടത്തിയ ‘ഗൂഡാലോചന’ ആരോപണത്തിന്റെ തിരക്കഥ ശ്രീകുമാറിന്റെതായിരുന്നെന്ന് മറ്റ്‌ പലരെയും പോലെ ദിലീപും വിശ്വസിച്ചിരുന്നു. കേസിന്റെ ഗതി മാറ്റിമറിച്ചത് മഞ്ജുവിന്റെ ആ വാക്കായിരുന്നു.

അവിടം മുതല്‍ ദിലീപിന് കുരുക്ക് മുറുകി. ഒടുവില്‍ അറസ്റ്റും. ഇതേ സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മാതാവാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധായക കുപ്പായമണിഞ്ഞ്‌ ‘ഒടിയന്റെ’ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

അതിനൊപ്പം പാരലലായി അന്ന് ഒടിയന് മുമ്പ് അഭിനയിച്ചു തീര്‍ക്കേണ്ട ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിന്‍റെ തിരക്കിലായിരുന്നു മഞ്ജുവാര്യര്‍. ഉദാഹരണം സുജാത ടീം മഞ്ജുവിനെ ഹൈജാക്ക് ചെയ്തു എന്നായിരുന്നു ശ്രീകുമാറിന്റെ ഭയം. അന്നുമുതല്‍ ശ്രീകുമാറും മഞ്ജുവും പരസ്പരം അകന്നു തുടങ്ങി.

കൃത്യമായി പറഞ്ഞാല്‍ ഒടിയന്റെ ചിത്രീകരണത്തിനു മുന്‍പ് തന്നെ ഇരുവരും അകന്നിരുന്നു. അത് അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കല്ലാതെ അധികമാര്‍ക്കും അറിയാമായിരുന്നില്ല.

ഒടിയനില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ആലോചിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അതിനെ അനുകൂലിച്ചില്ല.

ചിത്രീകരണം തുടങ്ങുമ്പോള്‍ മിക്ക മാധ്യമങ്ങളും പ്രചരിപ്പിച്ചത് ശ്രീകുമാര്‍ – മഞ്ജു ടീമിന്റെ ഒടിയന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു. പക്ഷേ ഒടിയന്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഇരുവരും ഒരുപാട് അകന്നിരുന്നു.

പിന്നീട് ഒടിയന്‍ പുറത്തിറങ്ങിയ ശേഷമുണ്ടായ വിവാദങ്ങളില്‍ തനിക്ക് മഞ്ജുവിന്റെ പിന്തുണ ഉണ്ടായില്ലെന്ന് ശ്രീകുമാര്‍ പരസ്യമായി പറഞ്ഞു.

പല പൊതുപരിപാടികളിലും മഞ്ജുവിനെതിരെ ഒളിയമ്പെയ്തു. മഞ്ജുവിനെ തന്റെ സൗഹൃദവലയത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രീകുമാര്‍ ഇതിനിടെ പല തവണ ശ്രമിച്ചെങ്കിലും അടുക്കുകയല്ല, അകലുകയായിരുന്നു ആ സൗഹൃദം.

അതിനിടെ ദിലീപുമായി മഞ്ജുവാര്യര്‍ അനുനയത്തിലായി. അയാളെ അതില്‍പ്പരം ഉപദ്രവിക്കാന്‍ മഞ്ജു ഒരുക്കമായിരുന്നില്ലെന്നതാണ് സത്യം. ദിലീപിന്റെ കേസില്‍ വിചാരണ ഘട്ടത്തില്‍ അത് കൂടുതല്‍ വ്യക്തമാകും. അതോടെ ദിലീപിനെ സിനിമയില്‍ നിന്നും ഇല്ലാതാക്കുകയെന്ന ശ്രമകരമായ ദൗത്യത്തില്‍ ശ്രീകുമാര്‍ മേനോന്‍ ഒറ്റയ്ക്കായി.

ഇനിയങ്ങോട്ട് ദിലീപിനെതിരായിരിക്കില്ലെന്ന മാന്യമായ ചുവടിലേക്ക് മഞ്ജു മാറി. ഇനി മഞ്ജുവിന് വഴിമുടക്കാനില്ലെന്ന ധാരണയിലേക്ക് ദിലീപും മാറി. അതോടെ ശ്രീകുമാര്‍ ഒറ്റയ്ക്കായി. അതേസമയം, താനനുഭവിച്ച ദുരിതങ്ങള്‍ക്ക് ശ്രീകുമാറിനെ വെറുതെ വിടില്ലെന്ന ഒറ്റവാശിയില്‍ ദിലീപ് ഉറച്ചു നില്‍ക്കുകയും ചെയ്തു.

ഒരു പരിധിവരെ ‘ഒടിയന്‍’ പോലെ മഹാസംഭവമെന്ന് പറഞ്ഞ ഒരു സൂപ്പര്‍താര ചിത്രം സംവിധാനം ചെയ്ത ശ്രീകുമാര്‍ മേനോന്‍ ഇനിയൊരു സിനിമ കൂടി ചെയ്യാനാകാത്ത വിധം മലയാള സിനിമയില്‍ നിന്നും ഔട്ടാണ്. തല്‍ക്കാലം ശ്രീകുമാറിനെ അതില്‍ നിന്നും കരകയറ്റാന്‍ സിനിമയിലെ നിലവിലെ സൗഹൃദങ്ങള്‍ മതിയാകില്ല. അക്കാര്യത്തില്‍ ഒപ്പം നിന്നില്ലെന്നതാണ് ശ്രീകുമാറിന്റെ പരാതി.

ദിലീപുമായി സമരസപ്പെടേണ്ട സമയത്ത് ശ്രീകുമാറിന് അതിന് കഴിഞ്ഞില്ല. അല്ലെങ്കില്‍ ദിലീപ് സമ്മതിച്ചില്ല. തന്റെ കുഞ്ഞിന്റെ അച്ഛനായ ദിലീപിനെ അയാള്‍ ചെയ്തെന്നു കരുതുന്ന തെറ്റിനപ്പുറം ശിക്ഷിക്കാന്‍ മഞ്ജു ഒരുക്കമല്ല, അയാള്‍ തനിക്കിപ്പോള്‍ ആരുമല്ലെങ്കിലും. അതവരിലെ മാന്യത.

ആ അവസ്ഥയിലേക്കെത്താന്‍ ശ്രീകുമാറിന് കഴിഞ്ഞില്ല. അതാണ്‌ പുതിയ ശ്രീകുമാര്‍ – മഞ്ജുവാര്യര്‍ വിവാദങ്ങള്‍ക്ക് മൂലകാരണം.

×