ഇന്ന് തിരുവോണം; ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

Wednesday, September 11, 2019

ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു. പൂവിളിയോടെയാണ് നാം ഓണത്തെ സ്വീകരിക്കുന്നത് . മുക്കുറ്റിയും ,കാശിത്തുമ്പയും ,കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയും . ലോകത്ത് എവിടെയായാലും ഇതൊന്നും ഒരു മലയാളിയ്ക്കും വിസ്മരിക്കാനാവില്ല .

നാടും നഗരവും ഓണലഹരിയിലാണ്. സമൃദ്ധിയുടേയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്. കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. പൂവിളികളോടെ പൊന്നിൽ ചിങ്ങമാസത്തിലെ അത്തംനാളിൽ തുടങ്ങിയ കാത്തിരിപ്പാണ് പത്ത് നാളും പിന്നിട്ട് തിരുവോണദിനത്തിൽ എത്തി നിൽക്കുന്നത്. പൂക്കളമൊരിക്കും. ഊഞ്ഞാലിട്ടും, പുത്തൻകോടി അണിഞ്ഞും കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് ഓരോ മലയാളിയും യാഥാർത്ഥ്യമാക്കുന്നു.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും കൂട്ടുകുടുംബങ്ങളിൽ നിന്നും ഫ്ലാറ്റുകളിലേക്കും എത്തുമ്പോഴും ഓണാഘോഷങ്ങൾക്ക് പകിട്ട് കുറയുന്നില്ല. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. ലോകത്തെവിടെയാണെങ്കിലും ഗൃഹാതുരതയുണർത്തുന്ന ഓർമയാണ് മലയാളിക്ക് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് ഓരോ ഓണക്കാലവും അവസരം ഒരുക്കുന്നത്. പ്രളയവും പേമാരിയും നാശം വിതച്ച കേരളത്തിന്റെ അതിജീവനത്തിന്റെ കേളികൊട്ട് കൂടിയാണ് ഈ ഓണക്കാലം.

×