/sathyam/media/post_attachments/WwtGztTzjdMgg7rj0E1x.jpg)
അക്ര: നിരവധി പ്രതീക്ഷകളുമായി ഘാനയിലെത്തിയ ബാലുവിന് പക്ഷേ തന്റെ സ്വപ്‌നങ്ങളെ നിറവേറ്റാനായില്ല. പ്രിയതമ നീതുവിനെയും ഏകമകള്‍ രുദ്രലക്ഷ്മിയെയും ഘാനയില്‍ തനിച്ചാക്കി ഫറോക്കുകാരന്‍ ബാലു അകാലത്തില്‍ വിടപറഞ്ഞു.
കൊവിഡ് വ്യാപനം മൂലം നാട്ടിലേക്ക് മൃതദേഹം എത്തിക്കാനാകാത്ത സാഹചര്യത്തില്‍ ഘാനയില്‍ തന്നെ സംസ്‌കാരം നടന്നു. വ്യാഴാഴ്ചയായിരുന്നു സംസ്‌കാരം.
നാട്ടിലേക്ക് തിരിച്ചെത്താനാകാത്ത സാഹചര്യമായതിനാല്‍ നീതുവും മകളും ഘാനയില്‍ തുടരുകയാണ്. ഘാനയിലെ മലയാളി അസോസിയേഷന്‍ ഒപ്പമുള്ളതാണ് ഇവരുടെ ഏക ധൈര്യവും ആശ്രയവും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാലു ഹൃദയാഘാതം മൂലം മരിച്ചത്. ഘാനയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് നടത്തുകയായിരുന്നു.
ആറു മാസം മുമ്പാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഘാനയില്‍ ഒരുമിച്ച് ജീവിതം തുടങ്ങി അധികം നാള്‍ പിന്നിടും മുമ്പേ വിധി മരണത്തിന്റെ രൂപത്തിലെത്തി ബാലുവിനെ കൂട്ടിക്കൊണ്ടുപോയി.
മലയാളികള്‍ അധികമില്ലാത്ത അപരിചിതമായ നാട്ടില്‍ ആറു വയസ് മാത്രം പ്രായമുള്ള മകളെയും കൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നീതു. ഭര്‍ത്താവിന്റെ വിയോഗത്തോടെ സംസാരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
അച്ഛന് എന്തുപറ്റിയെന്നോ അമ്മയുടെ സങ്കടത്തിന്റെ കാരണമെന്തെന്നോ രുദ്രലക്ഷ്മിക്ക് അറിയില്ല. നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷന്‍ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ഫറോക്കിനടത്തുള്ള നല്ലൂരാണ് ബാലുവിന്റെ സ്വദേശം. മകനെ അവസാനമായി ഒരു നോക്ക് കാണാനാകത്തതിന്റെ വിഷമത്തിലാണ് അച്ഛന്‍ ദേവദാസും അമ്മ മീരയും. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന ദേവദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്.
വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വത്തിലായ നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us