ക്വലാലംപുര്‍: ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന പ്രചാരണമാണ് 'കൊറോണ വൈറസ് ബാധിച്ചാല്‍ മൃതദേഹത്തിനു ജീവന്‍വച്ചതു പോലെയായിരിക്കും(സോംബി) നിങ്ങളുടെ അവസ്ഥ...' എന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മലേഷ്യന്‍ സര്‍ക്കാര്‍.
'കൊറോണ ആരെയും സോംബിയാക്കില്ല. രോഗം ബാധിച്ചാലും അതില്‍നിന്നു മുക്തി നേടാനും സാധിക്കും'- മലേഷ്യന്‍ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്തു കൊറോണ ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചൈനയില്‍നിന്നെത്തിയ എട്ടു പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. കൊറോണ ബാധിച്ചു പലരും മരിച്ചതായും രോഗബാധയേല്‍ക്കുന്നവരുടെ എണ്ണമേറുന്നതായും സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. വ്യജപ്രചാരണത്തിന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ ഇരുപത്തിയെട്ടുകാരിയാണ്.
'ആശയവിനിമയ സംവിധാനങ്ങള്‍ തെറ്റായി ഉപയോഗിച്ചതിനാണ്' ഇവര്‍ക്കെതിരെ കേസെടുത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏകദേശം 8.7 ലക്ഷം രൂപ പിഴശിക്ഷയായി നല്‍കേണ്ടിവരും. ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്കും സാധ്യതയുണ്ട്. ചിലപ്പോള്‍ രണ്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയും വരും.
അതിനിടെ ചൈനയ്ക്കു പുറത്തുള്ള ആദ്യ കൊറോണ മരണം ഫിലിപ്പീന്‍സില്‍ സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 305-ലേക്ക് ഉയര്‍ന്നു. ചൈനയില്‍ 14 ദിവസം കഴിഞ്ഞതിനുശേഷം വരുന്നവര്‍ക്ക് ഇറാഖും ഇന്തോനേഷ്യയും പ്രവേശനം നിഷേധിച്ചു.