‘എനിക്ക് വേണ്ട ചായ ഞാന്‍ തന്നെ ഉണ്ടാക്കാം’ ; ചായക്കടക്ക് മുമ്പില്‍ ഇറങ്ങിയ മുഖ്യമന്ത്രിയുടെ മറുപടിയില്‍ അമ്പരന്ന് കടക്കാരന്‍ ; ചായക്കാരനെ അടുത്ത് നിര്‍ത്തി പഞ്ചസാരയും തേയിലയും വാങ്ങി ചായയിട്ട് മമത  ; കടയിലുണ്ടായിരുന്ന എല്ലാവര്‍ക്കും സ്വന്തം കൈകൊണ്ട് ചായ പകര്‍ന്ന് നല്‍കി മമത ബാനര്‍ജി ; മോദിയെ വെല്ലുമോയെന്ന് സോഷ്യല്‍ മീഡിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, August 22, 2019

 

കൊല്‍ക്കത്ത: ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ക്ഷേമം അന്വേഷിച്ചും പരാതികള്‍ കേട്ടും പരിഹരിക്കുന്ന പുതിയ രീതി പരീക്ഷിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പര്യടനത്തിനിടെ പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ആക്കാവുന്ന സ്ഥലങ്ങള്‍ നിര്‍ദേശിക്കുകയും ടൂറിസത്തിന് ഉത്തേജനം നല്‍കുന്ന പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു മുഖ്യമന്ത്രി.

ഇതിന് പിന്നാലെ യാത്ര തുടര്‍ന്ന മമത ഒരു ചായക്കടയ്ക്ക് മുന്‍പില്‍ വാഹനം നിര്‍ത്തി. മമതയെ കണ്ട ഉടനെ കടയുടമ അമ്പരന്നെങ്കിലും ചായ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് അദ്ദേഹം ചായ ഉണ്ടാക്കാന്‍ തുടങ്ങി. എന്നാല്‍ താന്‍ തന്നെ ഉണ്ടാക്കട്ടെയെന്ന് പറഞ്ഞ് ടീ ജാര്‍ എടുത്ത് അടുപ്പില്‍ ചായയുണ്ടാക്കുകയായിരുന്നു .

മമത ചായ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും കൂടി കടയ്ക്കകത്ത് കയറി. ചായക്കാരനെ അടുത്ത് നിര്‍ത്തി പഞ്ചസാരയും തേയിലയും വാങ്ങി മമത തന്നെ ചായയിട്ടു. ഇതിന് ശേഷം തനിക്കൊപ്പം പുറത്ത് കാത്തു നില്‍ക്കുവന്നവര്‍ക്ക് കൂടി ചായ നല്‍കാന്‍ കടക്കാരനോട് ആവശ്യപ്പെട്ടു. ഇതിനിടെ തട്ടുകടയില്‍ കയറി മുഖ്യമന്ത്രി ചായ ഉണ്ടാക്കുന്നതറിഞ്ഞ് നാട്ടുകാരും മാധ്യമങ്ങളും കടയ്ക്ക് പുറത്ത് തടിച്ചുകൂടി.

ഇതോടെ കടയിലുണ്ടായിരുന്ന എല്ലാവര്‍ക്കും മമത തന്നെ ചായ നല്‍കി. തട്ടുകടയില്‍ കയറി മമത ചായ ഉണ്ടാക്കുന്ന വീഡിയോ മമത ബാനര്‍ജിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു.

ചായ് വാലയായ മോദിയെ കടത്തിവെട്ടുമല്ലോയെന്നും മമതയുടെ പുതിയ മേക്ക് ഓവര്‍ ആണ് ഇപ്പോള്‍ കാണുന്നതെന്നും എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ പലരും കമന്റ് ചെയ്യുന്നത്.

×