ബംഗാള്‍ ഇതുവരെ ജാതി രാഷ്ട്രീയത്തിലേക്ക് കടന്നിട്ടില്ല, ബി.ജെ.പിയാണ് അതിന് തുടക്കമിട്ടത്; 221ലധികം സീറ്റുകളുമായി വീണ്ടും അധികാരത്തില്‍ വരും: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 12, 2021

കൊൽക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ നൂറ്റിപ്പത്ത് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2021ല്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി വിജയ പ്രതീക്ഷകള്‍ പങ്കുവച്ചത്. തിരഞ്ഞെടുപ്പില്‍ 221ന് മുകളില്‍ സീറ്റുകള്‍ ലഭിക്കുമെന്നും മമതാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി നില്‍ക്കുന്നതില്‍ തെറ്റില്ല, പൊരുതാന്‍ ആത്മധര്യമുള്ളവര്‍ ഒരിക്കലും ഭയപ്പെടില്ല, താന്‍ എന്നും പൊരുതിത്തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും മമത വ്യക്തമാക്കി. സംസ്ഥാനത്ത് നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ചെയ്യുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. 10 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നുണ്ട്. എല്ലാ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, സൗജന്യ ഭക്ഷണം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ 99.99 ശതമാനം ആളുകളും സര്‍ക്കാരിന്റെ ഏതെങ്കിലും സ്‌കീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുകയാണ് തങ്ങളുടെ ഉദ്ദേശം. ബംഗാള്‍ തിരഞ്ഞെടുപ്പിനെ ജാതി രാഷ്ട്രീയം സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാനം ഇതുവരെ ജാതി രാഷ്ട്രീയത്തിലേക്ക് കടന്നിട്ടില്ലെന്നും ബി.ജെ.പിയാണ് അതിന് തുടക്കമിട്ടതെന്നും മമതാ തുറന്നടിച്ചു. ബംഗ്ലാദേശില്‍ നിന്നും അല്ലെങ്കില്‍ ബിഹാറില്‍ നിന്നും എത്തിയവരെന്ന നിലയിലാണ് ബംഗാളിലുള്ളവരെ ബി.ജെ.പി തരം തിരിക്കുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ബി.ജെ.പിക്ക് തോല്‍വിയാകും ഫലം. അതിനാല്‍ തെരുവ് ഗുണ്ടായിസമാണ് അവര്‍ കാണിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. റെയ്ഡുകളും സി.ബി.ഐ അന്വേഷണവും നടത്തി എല്ലാവരേയും ഭയപ്പെടുത്തുന്നതാണ് ബി.ജെ.പിയുടെ രീതി. ഇങ്ങനെയാണോ ഒരു സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കേണ്ടത് എന്ന ചോദ്യമാണ് മമതാ ബി.ജെ.പിക്കെതിരെ ഉയര്‍ത്തുന്നത്.

കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്കെതിരെയും മമതാ ബാനര്‍ജി രംഗത്തെത്തി. ത്രിണമൂലിനെ നശിപ്പിക്കുമെന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്നും താന്‍ അമിതാ ഷായുടെ വാല്യക്കാരിയല്ലെന്നും മമത പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ തങ്ങളോട് ഏറ്റുമുട്ടാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചാണ് മമത ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് ഈസ്റ്റ് 2021ലെ സംസാരം മമതാ ബാനര്‍ജി അവസാനിപ്പിച്ചത്.

×