കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം, ഒന്‍പത്‌ പേര്‍ മരിച്ചു; അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌ 12ാം നിലയിലെ ലിഫ്‌റ്റിനുളളില്‍; തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്‌റ്റ്‌ ഉപയോഗിച്ചതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ മമത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം. ഒന്‍പത്‌ പേര്‍ മരിച്ചു. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്‌ട്രാന്‍ഡ്‌ റോഡിലെ കോയിലഘാട്ട്‌ കെട്ടിടത്തിലാണ്‌ അത്യാഹിതം സംഭവിച്ചത്‌.

നാല്‌ അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും, ഒരു പൊലീസുകാരനും റെയില്‍വേ ഉദ്യോഗസ്ഥനുമാണ്‌ മരിച്ചതെന്ന്‌ മന്ത്രി സുജിത്‌ ബോസ്‌ സ്ഥിരീകരിച്ചു.

ന്യൂ കൊയിലാഘട്ട്‌ കെട്ടിടത്തിന്റെ 13ാം നിലയിലാണ്‌ തീപ്പിടുത്തമുണ്ടായത്‌. ഇസ്റ്റേണ്‍ റെയില്‍വേയും, സൗത്ത്‌ ഈസ്റ്റേണ്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ്‌ കെട്ടിടമാണ്‌ ഇത്‌. ടിക്കറ്റിങ്‌ ഓഫീസുകളാണ്‌ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

12ാം നിലയിലെ ലിഫ്‌റ്റിനുളളിലാണ്‌ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. ലിഫ്‌റ്റിനുളളില്‍ ശ്വാസം മുട്ടിയും പൊളളലേറ്റുമാണ്‌ ഇവര്‍ മരിച്ചതെന്നാണ്‌ സ്ഥിരീകരണം. തുടര്‍ന്ന്‌ അഗ്നിരക്ഷാ സേനയുടെ 25ഓളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

രാത്രി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവ സ്ഥലം സന്ദര്‍ശിച്ചു. തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്‌റ്റ്‌ ഉപയോഗിച്ചതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ മമത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ വീതം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന്‌ മോദി ട്വീറ്റ്‌ ചെയ്‌തു. റെയില്‍വേ മന്ത്രി പിയൂഷ്‌ ഗോയലും അനുശോചനം അറിയിച്ചു.

×