Advertisment

രാജ്യം നടുങ്ങിയ കാണ്ഡഹാർ വിമാനറാഞ്ചലില്‍ ബന്ദികളാക്കപ്പെട്ട യാത്രക്കാരെ മോചിപ്പിക്കുന്നതിന് പകരമായി തീവ്രവാദികളുടെ ബന്ദിയാകാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന മമത തയാറായിരുന്നു; തീവ്രവാദികളുടെ ബന്ദിയാകാൻ താൻ ഒരുക്കമാണെന്ന് മമത അന്ന് വാജ്‌പേയിയോട് തുറന്നുപറഞ്ഞു; മമത ബാനർജി ഒരു പോരാളിയാണെന്ന് വ്യക്തമാക്കി യശ്വന്ത് സിൻഹയുടെ പുതിയ വെളിപ്പെടുത്തല്‍ !

New Update

ഡല്‍ഹി: വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ ഇന്നലെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം നടത്തിയ പുതിയ വെളിപ്പെടുത്തൽ ബംഗാളിൽ ചർച്ചയാവുകയാണ്. രാജ്യം മറക്കാത്ത കാണ്ഡഹാർ വിമാനറാഞ്ചൽ സമയത്തെ അനുഭവമാണ് അദ്ദേഹം പങ്കിടുന്നത്. മമത ബാനർജി ഒരു പോരാളിയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ.

Advertisment

publive-image

1999ലാണ് രാജ്യം നടുങ്ങിയ കാണ്ഡഹാർ വിമാനറാഞ്ചൽ. അന്ന് ബന്ദികളാക്കപ്പെട്ട യാത്രക്കാരെ മോചനത്തിന് പകരം തീവ്രവാദികളുടെ ബന്ദിയാകാൻ അന്ന് കേന്ദ്രമന്ത്രിയായിരുന്ന മമത തയാറായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബന്ദികളെ മോചിപ്പിക്കാൻ തിരക്കിട്ട ചർച്ച നടക്കുന്ന സമയത്താണ് മമത ഈ അഭിപ്രായം മുന്നോട്ടുവച്ചത്. യാത്രക്കാരെ മോചനത്തിന് പകരമായി തീവ്രവാദികളുടെ ബന്ദിയാകാൻ താൻ ഒരുക്കമാണെന്ന് മമത അന്ന് തുറന്നുപറഞ്ഞു. വാജ്പേയി മന്ത്രിസഭയിൽ അന്ന് റയിൽവേ മന്ത്രിയായിരുന്നു മമത.

കൊൽക്കത്തയിലെ പാർട്ടി ഓഫിസിൽ എത്തിയാണ് സിൻഹ തൃണമൂൽ അംഗത്വം സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നതിനിടെയാണ് 83കാരനായ യശ്വന്ത് സിന്‍ഹ തൃണമൂലിലേക്ക് എത്തുന്നത്.

1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സിന്‍ഹ 24 വര്‍ഷത്തെ സര്‍വീസിനു ശേഷം 1984ൽ ഐഎഎസ് ഉപേക്ഷിച്ച് ജനതാ പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. 1986ൽ പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1988ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1989ൽ ജനതാദൾ രൂപീകരിക്കപ്പെട്ടപ്പോൾ ബിജെപി വിട്ടു. പാർട്ടി ജനറൽ സെക്രട്ടറിയായ അദ്ദേഹം ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനമന്ത്രി(1990-91)യുമായിരുന്നു. പിന്നീട് ജനതാദളുമായുള്ള അസ്വാരസ്യത്തെത്തുടർന്നു പാർട്ടി വിട്ട യശ്വന്ത് വീണ്ടും ബിജെപിയിലെത്തി. 1996ൽ പാർട്ടിയുടെ ദേശീയ വക്താവായി.

വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 2014ൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഉപേക്ഷിച്ചു മകനു വഴിമാറിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2018 ൽ യശ്വന്ത് സിൻഹ ബിജെപി വിടുകയായിരുന്നു. യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയിലാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാലില്‍നിന്നുള്ള എംപിയാണ് ജയന്ത്.

mamatha banerjee mamatha banerjee speaks
Advertisment