‘ബംഗാളിലുണ്ടായത് വംശഹത്യ, ജനങ്ങളുടെ നെഞ്ചിലേക്കാണവര്‍ വെടിയുണ്ടകള്‍ തുളച്ചത്’; മമത ബാനര്‍ജി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 12, 2021

ഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാതെരഞ്ഞെടുപ്പിനിടെ കൂച്ച് ബിഹാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ച സംഭവത്തെ വംശഹത്യയെന്ന് വിശേഷിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ഇരകളുടെ കഴുത്തിലേക്കും നെഞ്ചിലേക്കുമാണ് അവര്‍ വെടിയുണ്ടകളുതിര്‍ത്തത്. ഇത്‌ വംശഹത്യയാണ്, നോര്‍ത്ത് ബംഗാളിലെ സിലിഗുരിയില്‍ വെച്ചുനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമത ബാനര്‍ജി പറഞ്ഞു.

സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളവരല്ല. സത്യങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇപ്പോള്‍ അവരുടെ ശ്രമം. അതിനാണ് കൂച്ച് ബിഹാറിലേക്കുള്ള പ്രവേശനം 72 മണിക്കൂര്‍ സമയത്തേക്ക് നിരോധിച്ചിരിക്കുന്നത്.

മുന്‍പൊരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ് ഇന്നലെ ഉണ്ടായത്. എനിക്കിന്ന് ശീതള്‍കുച്ചിലെ ജനങ്ങളോടൊപ്പം നില്‍ക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ 72 മണിക്കൂര്‍ സമയത്തേക്ക് എന്നെ അതില്‍ നിന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അവസാനിച്ചതിനുശേഷം 14-ന് മരണപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

ഗ്രാമത്തിലുള്ളവര്‍ സേനയെ വളഞ്ഞ് ആയുധങ്ങള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം സിഐഎസ്എഫ് വെടിവെച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സുരക്ഷ നീരീക്ഷകന്‍ വിവേക് ദുബേ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പ്രതിഷേധം നിയന്ത്രിക്കാന്‍ മറ്റുമാര്‍ഗങ്ങളുണ്ടായിരുന്നപ്പോള്‍ എന്തിന് ഓപ്പണ്‍ ഫയര്‍ നടത്തിയെന്ന്് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ചോദിക്കുന്നു.

×