ദേശീയം

‘എത്ര സ്ഥലങ്ങളില്‍ പോകുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുക? എല്ലാക്കാലവും നിങ്ങള്‍ക്കെന്നെ തടയാനാവില്ല; ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതില്‍ മമത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 26, 2021

ഭബാനിപ്പൂര്‍: ലോകസമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകാനുള്ള അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘എത്ര സ്ഥലങ്ങളില്‍ പോകുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കുക? എല്ലാക്കാലവും നിങ്ങള്‍ക്കെന്നെ തടയാനാവില്ല’-മമത ബാനര്‍ജി പറഞ്ഞു. ഭബാനിപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ‘മമതയുടെ പരാമര്‍ശം

ഇറ്റലിയിലെ കത്തോലിക്ക ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത മാസം നടക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മാര്‍ക്കല്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

ഒരു മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയം മമതയ്ക്ക് അനുമതി നിഷേധിച്ചത്. നേരത്തെ, ചൈന സന്ദര്‍ശിക്കുന്നതിനും മമതയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുള്ള ഒരേയൊരു നേതാവാണ് മമത ബാനര്‍ജി. മമതയുടെ സാമൂഹ്യ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് ക്ഷണത്തെ വിലയിരുത്തിയിരുന്നത്. സമ്മേളന വേദിയില്‍ പ്രഭാഷണം നടത്താനും മമതയ്ക്ക് അവസരം ലഭിച്ചിരുന്നു.

‘വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് താതപര്യമില്ല. പക്ഷേ, ഇത് രാഷ്ട്രത്തിന് ലഭിച്ച ബഹുമാനമായിരുന്നു. പ്രധാനമന്ത്രി ഹിന്ദുക്കളെ കുറിച്ച് നിരന്തരം സംസാരിക്കുന്നു. ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് എന്നെ പോകാന്‍ അനുവദിക്കാത്തത്? നിങ്ങള്‍ക്ക് അസൂയയാണ്.’ മമത പറഞ്ഞു.

‘ഞങ്ങള്‍ സ്വാതതന്ത്ര്യം സംരക്ഷിക്കും. താലിബാനി ബിജെപിക്ക് ഇന്ത്യയില്‍ സ്ഥാനമില്ലാതാക്കും. ബിജെപിയെ പുറത്താക്കാന്‍ തൃണമൂല്‍ ഒറ്റയ്ക്ക് മതിയാകും. കളികള്‍ ഭബാനിപ്പൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. അവസാനിക്കുന്നത് രാജ്യത്താകെ ജയിച്ചതിന് ശേഷവും’-മമത പറഞ്ഞു.

×