ലാൽ ഇച്ചാക്ക എന്ന് വിളിക്കുമ്പോൾ പ്രത്യേകസുഖമാണ്; ഈ അത്ഭുതകലാകാരന്, മലയാളികളുടെ ലാലേട്ടന് ജൻമദിനാശംസകൾ; മമ്മൂട്ടി

ഫിലിം ഡസ്ക്
Thursday, May 21, 2020

മോഹൻ ലാലിന് ജൻമദിനാശംസ നേർന്ന് ഹൃദയസ്പർശിയായ വീഡിയോ സന്ദേശവുമായി മെ​ഗാതാരം മമ്മൂട്ടി. ഫേസ് ബുക്കിലാണ് പഴയ കാലവും ലാലുമായുള്ള സൗഹൃദവും ഒക്കെ ഓർത്തെടുത്ത് മമ്മൂട്ടി എന്റെ ലാലിന് എന്ന പേരിൽ വീഡിയോ സന്ദേശം പങ്കുവെച്ചത്. ഇതിനകം തന്നെ ഈ വീഡിയോ സന്ദേശം ഏറെ ശ്രദ്ധിക്കപ്പെട്ടും കഴിഞ്ഞു.

ഞങ്ങൾ തമ്മിൽ‌‍ പരിചയിച്ച് 38 വർഷത്തിലേറെ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിൽ വെച്ചാണ് കണ്ടത്. എന്റെ സഹോദരൻ എന്നു വിളിക്കുന്നത് പോലെയാണ് ലാൽ എന്നെ ഇച്ചാക്ക എന്ന് സംബോധന ചെയ്യാറ്. പലരും അങ്ങനെ ചുമ്മാ ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രയ്ക്കങ്ങ് സന്തോഷം തോന്നാറില്ല. പക്ഷേ, ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേകസുഖമുണ്ട്, സന്തോഷമുണ്ട്. മമ്മൂട്ടി പറയുന്നു.

സിനിമയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു കാലത്ത് ഒരു പേരായിരുന്നു. ഞങ്ങളുടെ കൂടെ വന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ട്. മോൾടെ വിവാഹം, മോന്റെ വിവാഹം അതൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെത്തന്നെയാണ് കണ്ടത്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രഡ്യൂസ് ചെയ്യുമ്പോൾ എന്റെ വീട്ടിൽ വന്ന് എന്റെ അനു​ഗ്രഹം വാങ്ങി.

ഞങ്ങളുടേത് നീണ്ട ഒരു യാത്രയായിരുന്നു. നമ്മൾ സിനിമയിൽ കാണുന്നതിനുമപ്പുറത്തേക്ക് വളർന്ന ഒരു സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, പ്രിയപ്പെട്ട മോഹൻ ലാലിന് ജൻമദിനാശംസകൾ. മമ്മൂട്ടി പറയുന്നു.

×