സ്വത്ത് തർക്കം : അച്ഛന്റെ കഴുത്തിന് ഇടിച്ചും അടിവയറ്റില്‍ മുട്ടുകാല്‍ കൊണ്ട് ഇടിച്ചും മകന്റെ ക്രൂരത ; ക്രൂരപീഡനത്തിനൊടുവില്‍ വൃദ്ധന് ദാരുണാന്ത്യം ; മകന്‍ പിടിയില്‍ , സംഭവം മലപ്പുറത്ത്‌

ന്യൂസ് ബ്യൂറോ, മലപ്പുറം
Wednesday, February 26, 2020

മലപ്പുറം: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ മർദ്ദിച്ച് കൊന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വാഴയൂർ പാറമ്മൽ പാലേക്കോട് അയ്യപ്പന്റെ മകൻ പ്രജേഷിനെ ആണ് വാഴക്കാട് പോലീസ് പിടികൂടിയത്. മകന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന അയ്യപ്പൻ ഇന്നലെ വൈകീട്ട് ആണ് മരിച്ചത്.

വാഴയൂർ അഴിഞ്ഞിലം പാറമ്മലിൽ ഈ മാസം പതിനാറിന് ആണ് സംഭവം നടന്നത്. രാത്രി ഏഴുമണിയോടെ വീട്ടിൽ വച്ച് ആണ് അറുപത്തിമൂന്നുകാരനായ അച്ഛൻ അയ്യപ്പനെ മകൻ പ്രജേഷ് എന്ന മണി ക്രൂരമായി അക്രമിച്ചത്. കഴുത്തിന് ഇടിക്കുകയും അടിവയറ്റിൽ മുട്ടുകാൽ കൊണ്ട് ഇടിക്കുകയുമായിരുന്നു. കുഴഞ്ഞ് വീണ അയ്യപ്പൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ ആയിരുന്നു മരണം. തുടർന്ന് വാഴക്കാട് പോലീസ് മകനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം പോസ്റ്റുമോർട്ടത്തിന് ശേഷം തുടരുമെന്ന് വാഴക്കാട് പോലീസ് അറിയിച്ചു.

×