തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേർക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിലായി. മുദാക്കൽ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ രതീഷ് (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി അൽ-അമീറിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഈ കേസിൽ തന്നെ പ്രതി ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിച്ചു സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ച ശേഷം അബുദാബിയിലെയും മറ്റും എയർ പോർട്ടുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്തു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസേജിട്ട ശേഷം വിസക്ക് വേണ്ടി സമീപിക്കുന്നവരെ വ്യാജ വിസയും, വ്യാജ ഓഫർ ലെറ്ററും കാണിച്ചു മുദ്രപത്രത്തിൽ എഗ്രിമെന്റ് എഴുതിയും, ബാങ്ക് വഴിയും പണം തട്ടിയ ശേഷം താമസം മാറി പോകുകയാണ് പ്രതിയുടെ രീതി. തുടർന്നാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്.