കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, July 17, 2019

കല്‍പ്പറ്റ: കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട്  കടത്തിയ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന്‍ (22) ആണ് 1300 ട്രമഡോള്‍ ഗുളികകളുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്നു ബര്‍ജീഫ് റഹ്മാന്‍.

പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്നാണ് ഗുളികകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ലഹരിക്കായി വലിയ തോതില്‍ ഗുളികകള്‍ കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.കെ. സുനില്‍, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹിരി മാഫിയയുടെ കടത്തുകാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

×