ചങ്ങനാശ്ശേരിയില്‍ യുവാവ് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചത് കാമുകിയെ വീഡിയോ കോളില്‍ വിളിച്ച ശേഷം ; കാമുകന്റെ മരണം ലൈവായി കണ്ട ഞെട്ടലില്‍ കാമുകി ; ആത്മഹത്യ കാമുകിയുമായി പിണങ്ങിയ നിരാശയില്‍..? ; സംഭവം ഇങ്ങനെ…

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, February 27, 2020

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയിൽ കാമുകിയെ വീഡിയോ കോളിൽ വിളിച്ച് യുവാവ് ജീവനൊടുക്കി. കാമുകിയെ വീഡിയോ കോൾ ചെയ്‌ത്‌ യുവാവ് ലോഡ്‌ജ്‌ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. യുവാവ് ലൈവൈയി തൂങ്ങുന്നതുകണ്ട ഞെട്ടൽ വിട്ടു മാറാത്ത അവസ്ഥയിലാണ് കാമുകി.

ചങ്ങനാശ്ശേരി പീച്ചിമുക്കിലെ ലോഡ്ജിൽ ആലപ്പുഴ വണ്ടാനത്തെ ബാദുഷയാണ് തൂങ്ങിമരിച്ചത്. യുവാവ് തൂങ്ങുന്നതുകണ്ട യുവതി ബാദുഷ ജോലി ചെയ്യുന്ന കടയുടമയെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞിരുന്നില്ല.

ജ്യൂസ് കടയിൽ ജോലി ചെയ്ത് വരികയാണ് ബാദുഷ. ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ ഇയാൾ റൂമിൽക്കയറി കാമുകിയുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

യുവതിയുടെ മിസ്ഡ്കോൾ കണ്ട കടയുടമ രാവിലെ ആറു മണിയോടെ ഇവരെ തിരിച്ചുവിളിച്ചതോടെയാണ് സംഭവം അറിയുന്നത്. തുടർന്ന് ഇയാൾ യുവാവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കാതെ വന്നതോടെ ലോഡ്ജിലെത്തി പരിശോധിക്കുകയായിരുന്നു.

റൂമിന്‍റെ വാതിൽ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ജനലിന്‍റെ ഉള്ളിലൂടെ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിവാഹിതനായ ബാദുഷ ഭാര്യയുമായി പിരിഞ്ഞ് കഴിയുന്നതിനിടെയാണ് മറ്റൊരു പെൺകുട്ടിയുമായി അടുത്തത്. ഇവരുമായുള്ള പിണക്കത്തെതുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

×