സുരക്ഷാ ബെല്‍റ്റിന്റെ തകരാർ; കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ യുവാവ് 500 അടി ഉയരത്തിൽ നിന്ന് വീണു മരിച്ചു

author-image
Charlie
New Update

publive-image

Advertisment

ഹിമാചൽ പ്രദേശിൽ കുളുവിലെ ദോഭിയില്‍ പാരാഗ്ലൈഡിങ്ങിനിടെ യുവാവ് അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീണു മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30കാരനാണ് അപകടത്തില്‍ മരിച്ചത്. രണ്ടുപേര്‍ക്ക് പറക്കാവുന്ന പാരാഗ്ലൈഡറില്‍ നിന്നാണ് യുവാവ് വീണത്. സൂരജ് ഷാ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുശേഷമാണ് കുളവിലും അപകടമുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ വീണു മരിച്ചതിനെ തുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ പരിശോധനയില്‍ ഇവിടെ സാഹസിക ടൂറിസം നടത്തുന്ന പല ഓപ്പറേറ്റര്‍മാര്‍ക്കും രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തിയിരുന്നു. ഉപയോഗിക്കുന്ന ഉപകരണങ്ങളും സാങ്കേതിക സമിതിയുടെ അംഗീകാരമില്ലാത്തവയാണെന്നും കണ്ടെത്തുകയുണ്ടായി.

Advertisment