ഹൈദരാബാദ്: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം യുവാവ് മരിച്ചതായി പരാതി. തെലങ്കാനയിലെ നല്‍ഗോഡ ജില്ലയിലാണ് സംഭവം നടന്നത്.
കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവാണ് മരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നോ എന്ന് വ്യക്തമല്ല. ശനിയാഴ്ചയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസം എടുക്കാന്‍ പോലും പ്രയാസപ്പെട്ട യുവാവിന് വേണ്ട ചികിത്സാ സൗകര്യം ഒരുക്കിയില്ലെന്നും മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒടുവില്‍ അമ്മയുടെ കണ്‍മുന്നില്‍ വച്ച് യുവാവ് മരിക്കുകയായിരുന്നു. യുവാവ് അവസാന നിമിഷങ്ങളിലൂടെ കടന്നുപോകുന്നതിന്റെയും അമ്മ പരിചരിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപ്പെട്ടു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ജൂലൈ 21ന് അകം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ആരോഗ്യ വിഭാഗത്തിനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.