അമ്മ മരിച്ചെന്നും പറഞ്ഞ് തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ചു; പിന്നെ കടന്നുകളഞ്ഞു; ഓട്ടോ വിളിച്ചയാളെ തേടി ഡ്രൈവര്‍; കിട്ടാനുള്ളത് 7500 രൂപ !

ന്യൂസ് ബ്യൂറോ, തൃശൂര്‍
Tuesday, August 4, 2020

തൃശൂര്‍: തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം കടന്നുകളഞ്ഞയാളെ തേടി ഡ്രൈവറുടെ പരക്കംപാച്ചില്‍. ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറായ രേവതാണ് തന്നെ പറ്റിച്ചയാളെ തേടുന്നത്. 7500 രൂപയാണ് ഇദ്ദേഹത്തിന് കിട്ടാനുള്ളത്.

കഴിഞ്ഞ മാസം 28ന് രാത്രി ഒരാൾ രേവതിൻ്റെ അരികിലെത്തി. “അമ്മ മരിച്ചു. തിരുവനന്തപുരം വരെ എത്തണം. കൊണ്ടുവിടാനാവുമോ?” എന്നായിരുന്നു അയാളുടെ ചോദ്യം. സമയം പത്തരയായി. ഓട്ടം നിർത്തി വീടണയാനുള്ള തയ്യാറെടുപ്പിലായിരുന്നു രേവത്.

ചുവപ്പ് ഷർട്ടും ഓറഞ്ച് നിറത്തിൽ മുണ്ടും ധരിച്ച ഇരുനിറമുള്ളയാൾ മുടി നീട്ടി വളർത്തിയിരുന്നു. കൈവശം ഒരു ബാഗുമുണ്ടായിരുന്നു. കയ്യിൽ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാൽ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നൽകി.

ഡീസലടിക്കാനുള്ള പണം സുഹൃത്തുക്കളിൽ നിന്ന് വാങ്ങി രേവത് തിരുവനന്തപുരത്തേക്ക്‌ വാഹനം ഓടിച്ചു. ഇടയ്ക്ക് കരുനാഗപ്പള്ളിയിൽ വച്ച് ഇയാൾക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നൽകി. അങ്ങനെ തിരുവനന്തപുരത്ത് എത്തി. അമ്മ നെയ്യാറ്റിൻകരയിലാണ്, അങ്ങോട്ട് പോകണമെന്ന ആളുടെ അഭ്യർത്ഥന മാനിച്ച് വണ്ടി നെയ്യാറ്റിൻകരയിലേക്ക്. നെയ്യാറ്റിൻകരയിൽ എത്തിയപ്പോൾ അമ്മ അവിടെയല്ല, തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണെന്നായി. വണ്ടി വീണ്ടും തിരിച്ചുവിട്ടു. ജനറൻ ആശുപത്രിയുടെ അകത്തേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നൽകിയതും ഉൾപ്പെടെ 7,500 രൂപയാണ് രേവതിന് നഷ്ടമായത്. ഒരു മണിക്കൂർ കാത്ത് നിന്നിട്ടും ആൾ വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

×