ഈ മനുഷ്യനാണ് യഥാർത്ഥ നന്മമരം ..

പി എൻ മേലില
Thursday, November 7, 2019

‘ധൻജി ജഗദലെ’ മഹാരാഷ്ട്രയിലെ സത്താറ യിൽ താമസിക്കുന്ന ഒരു മസ്‌ദൂറാണ്. മനുഷ്യസ്നേഹത്തിന്റെയും സത്യസന്ധതയുടെയും ഉത്തമഉദാഹരണമാണ് ഏവർക്കും പരോപകാരിയായ ഈ വ്യക്തി.

ഇക്കഴിഞ്ഞ ദീപാവലിദിവസം സത്താറ ബസ് സ്റ്റാൻഡിൽ നിന്ന് അദ്ദേഹത്തിനൊരു കവർ ലഭിച്ചു.അതിൽ 40000 രൂപയുണ്ടായിരുന്നു. ഏറെ നേരം ആ പണവുമായി യഥാർത്ഥ ഉടമസ്ഥൻ വരുമെന്ന പ്രതീക്ഷയിൽ ധൻജി ജഗദലെ അവിടെ കാത്തുനിന്നു. ആരും വരാതായപ്പോൾ പണം പോലീസിലേൽപ്പിക്കാനായി അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് സൈക്കിൾ റിക്ഷയിൽ കയറി യാത്രയായി.

യാത്രാമദ്ധേ കുറച്ചകലെ ഒരു വ്യക്തി കരഞ്ഞുകൊണ്ട് വഴിയരുകളിൽ എന്തോ തിരയുന്നതുകണ്ടു ശ്രദ്ധിച്ചപ്പോൾ അദ്ദേഹത്തിന്റെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് ജഗദലെ മനസ്സിലാക്കി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ ഓപ്പറേഷനു വേണ്ടി അദ്ദേഹം സ്വർണ്ണം പണയംവച്ചു നേടിയ പണമായിരുന്നു അത്.

പണം തിരിച്ചുനൽകിയ ജഗദലെ അദ്ദേഹത്തോട് 7 രൂപ ആവശ്യപ്പെട്ടു. സൈക്കിൾ റിക്ഷയ്ക്കു 10 രൂപ നൽകിക്കഴിഞ്ഞപ്പോൾ കയ്യിൽ മിച്ചം വന്നത് 3 രൂപ മാത്രം. തിരിച്ചു വീട്ടിലെത്താൻ വണ്ടിക്കൂലി 10 രൂപ വേണം. അതാണ് 7 രൂപ ആവശ്യപ്പെട്ടത്.

നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടിയ സന്തോഷത്തിൽ 1000 രൂപ ജഗദലേക്കു സമ്മാനമായി നൽകാൻ അദ്ദേഹം ശ്രമിച്ചെങ്കിലും 7 രൂപയിൽ ഒരു രൂപ കൂടുതൽ വാങ്ങാൻ ജഗദലെ തയ്യറായില്ല.

ധൻജി ജഗദലെ യുടെ സത്യസന്ധമായ ഈ നടപടി നാടെങ്ങും കാട്ടുതീപോലെ പടർന്നു. വാർത്താമാദ്ധ്യ മങ്ങളും പോലീസും സന്നദ്ധസംഘടനകളും അദ്ദേഹത്തെ അഭിനന്ദിച്ചു രംഗത്തെത്തി..പലരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നെങ്കിലും അതിനൊന്നും ജഗദലെ തയ്യറായില്ല.

അമേരിക്കയിലെ ഒരു മഹാരാഷ്ട്രാ സ്വദേശി നൽകിയ 5 ലക്ഷം രൂപയും നിരവധിയാളുകൾ ഓഫർ ചെയ്ത സാമ്പത്തികസഹായവും നല്ലൊരു വീടും ഒക്കെ ജഗദലെ സസ്നേഹം നിരസിക്കുകയായിരുന്നു.ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും ഒന്നും ആരിൽനിന്നും സ്വീകരിക്കാൻ തികഞ്ഞ ഗാന്ധിയൻ കൂടിയായ അദ്ദേഹം തയ്യറായില്ല.

സ്വന്തം അധ്വാനത്തിന്റെ ഫലമല്ലാത്തതൊന്നും എനിക്കാവശ്യമില്ല, ഞാൻ സ്വീകരിക്കുകയുമില്ല എന്നതാണ് ജഗദലെ യുടെ നിലപാട്.

സത്യസന്ധനും ആദർശവാനും തികഞ്ഞ മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സത്താറ പോലീസ്, എസ്‌ .പി ഓഫീസിൽ വിളിച്ചാദരിക്കുകയുണ്ടായി.

×