സംശയ രോഗം കൂടി; ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 26, 2021

മഹാരാഷ്ട്ര: സംശയത്തിന് പിന്നാലെ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.

അഗ്നി പരീക്ഷ നടത്തി പാതിവ്രത്യം തെളിയിക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. തിളച്ച എണ്ണയിൽ അ‍ഞ്ചുരൂപ നാണയം ഇട്ട ശേഷം കൈമുക്കി അതെടുക്കാനാണ് ഇയാൾ ഭാര്യയോട് പറഞ്ഞത്. പരിശുദ്ധ ആണെങ്കിൽ കൈ പൊള്ളില്ലെന്നാണ് ഇയാളുടെ വിശ്വാസം.

ഈ മാസം 11ന് ഭാര്യ ആരോടും പറയാതെ വീട് വിട്ടുപോയെന്നാണ് ഭർത്താവ് പറയുന്നത്. നാലു ദിവസത്തിന് ശേഷമാണ് പിന്നെ ഇവർ തിരിച്ചെത്തുന്നത്. തന്നെ രണ്ടുപേർ തട്ടിക്കൊണ്ടുപോയതാണെന്നും നാലു ദിവസം അവർ തന്നെ ബന്ദിയാക്കിയെന്നും ഭാര്യ പറഞ്ഞു. ഈ വാദം വിശ്വസിക്കാൻ കഴിയില്ലെന്നും പർഥി സമുദായത്തിന്റെ വിശ്വാസപ്രകാരം തിളച്ച എണ്ണയിൽ കൈ മുക്കി സത്യം തെളിയിക്കണമെന്നും ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടു. തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വീഡിയോയിൽ കാണാം.

ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻരോഷമാണ് ഉയർന്നത്. പിന്നാലെ അധികൃതർ ഇടപെട്ട് ഭർത്താവിനെതിരെ നിയമനടപടി സ്വീകരിച്ചു.

×