Advertisment

കണ്ണൂരില്‍ നിന്ന് അന്വേഷിച്ചെത്തിയ രാഖില്‍ മാനസ താമസിക്കുന്ന വീട്ടിലെത്തിയത് അവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ; 'നീയെന്തിന് ഇവിടെ വന്നു'വെന്ന് മാനസ ചോദിച്ചപ്പോള്‍, വലിച്ച് മുറിയില്‍ കയറ്റി വെടിവച്ച് കൊലപ്പെടുത്തി; പിന്നാലെ സ്വയം ജീവനൊടുക്കി; മാനസയുടെ ദാരുണാന്ത്യം ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാനിരിക്കെ! മകള്‍ക്കു സംഭവിച്ച ദുര്യോഗമറിയാതെ മാനസയുടെ പിതാവ്‌

New Update

publive-image

Advertisment

കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്.

വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖില്‍ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. കൂട്ടുകാരികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസ. രാഖിലിനെ അവൾ അവിടെ പ്രതീക്ഷിച്ചിരുന്നതുമല്ല.

പെട്ടെന്ന് അവനെ കണ്ടപ്പോൾ, അവൾ ചോദിച്ചത് ഇങ്ങിനെ - 'നീയെന്തിന് ഇവിടെ വന്നു?'. രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാഠികളാണ് പൊലീസിനോട് പറഞ്ഞത്. ഉടന്‍ ഇയാള്‍ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.

തുടര്‍ന്ന് കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം. രാഖിലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. വെടിയേറ്റ് തലയുടെ പിന്‍ഭാഗം പിളര്‍ന്നനിലയിലായിരുന്നു.

മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.

പ്രതിയായ രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. നേരത്തെ രാഖില്‍ മാനസയെ തിരഞ്ഞ് കോതമംഗലത്ത് വന്നിരുന്നതായും വിവരമുണ്ട്. ഇങ്ങനെയാണ് പെണ്‍കുട്ടി താമസിക്കുന്ന സ്ഥലം പ്രതി തിരിച്ചറിഞ്ഞതെന്നാണ് സൂചന.

കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ആറു പെണ്‍കുട്ടികള്‍ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാനിരിക്കെയാണ് മാനസയെ യുവാവ് കൊലപ്പെടുത്തുന്നത്.

അതേസമയം, മകള്‍ക്കു സംഭവിച്ച ദുര്യോഗമറിയാതെ എറണാകുളത്തേക്കു വരാന്‍ തയാറെടുക്കുകയാണ് കൊല്ലപ്പെട്ട മാനസയുടെ പിതാവ് മാധവന്‍. തുരുതുരെ വരുന്ന ഫോണ്‍ കോളുകള്‍ എത്തിയതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞെങ്കിലും മകള്‍ ജീവനോടെയില്ലെന്ന യാഥാര്‍ഥ്യം അദ്ദേഹം അറിഞ്ഞിരുന്നില്ല.

മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴും എന്തോ അപകടം സംഭവിച്ചു എന്നു മാത്രമാണ് അദ്ദേഹത്തിന് അറിയുന്നത്. രാഖിലിനെ അറിയുമോ എന്ന ചോദ്യത്തിന്, അവള്‍ക്ക് അറിയുന്ന ഒരു പയ്യനോ മറ്റോ ആണെന്നായിരുന്നു മറുപടി.

Advertisment