Advertisment

മാനന്തവാടിയില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്ക് സാധ്യത. ബത്തേരി വിട്ട് വരില്ലെന്ന് ഐസി ബാലകൃഷ്ണന്‍ ! ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 54000ലേറെ വോട്ട് ഭൂരിപക്ഷം കിട്ടിയ മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000ലേറെ വോട്ടിന് പിന്നില്‍. ജയലക്ഷ്മിയടക്കമുള്ളവര്‍ കാലുവാരിയെന്നും ആക്ഷേപം. പികെ ജയലക്ഷ്മിയെ ഡിസിസി പ്രസിഡന്റാക്കി ഉഷാ വിജയനെ മത്സരിപ്പിക്കാനും യുഡിഎഫ് നീക്കം. കല്‍പ്പറ്റ ചോദിച്ച് ലീഗ്. വയനാട്ടില്‍ പ്രാഥമിക ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്

New Update

വയനാട്: പട്ടികവര്‍ഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.

Advertisment

publive-image

പികെ ജയലക്ഷ്മി

മാനന്തവാടിയില്‍ മത്സരിക്കാമോയെന്ന് ഐ സി ബാലകൃഷ്ണനോട് നേതൃത്വം അഭിപ്രായം തേടിയെങ്കിലും ബത്തേരി മതിയെന്ന നിലപാടിലാണ് അദ്ദേഹം. അതിനിടെ ജയലക്ഷ്മിയെ ഡിസിസി പ്രസിഡന്റാക്കി ഇടവക ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉഷാ വിജയനെ മത്സരിപ്പിക്കാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്.

publive-image

ഐസി ബാലക്യഷ്ണൻ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ 54000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനുണ്ടായിരുന്നു. പക്ഷെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 3516 വോട്ടിന്റെ നേട്ടമുണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അത്ര നേട്ടമുണ്ടാക്കാനായില്ലെങ്കിലും പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

മുന്‍മന്ത്രി പി കെ ജയലക്ഷ്മി മത്സരിക്കാന്‍ പ്രാഥമിക ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. അതിനിടെ തദ്ദേശസ്വയംഭരണ തരഞ്ഞെടുപ്പില്‍ എതിര്‍ഗ്രൂപ്പിലുള്ള ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ജയലക്ഷ്മി ശ്രമിച്ചെന്ന പരാതി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ കയ്യിലുണ്ട്. ഈ ഗ്രൂപ്പുവഴക്കാണ് മാനന്തവാടിയില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി.

ഇത് പരിഹരിക്കാന്‍ ജയലക്ഷ്മിയെ ഡിസിസി പ്രസിഡന്റാക്കി മറ്റൊരാളെ മല്‍സരിപ്പിക്കുന്ന കാര്യവും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട ഒരാളാകണം വയനാട് ഡിസിസി പ്രസിഡന്റ് ആകേണ്ടതെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ഇതു പാലിച്ച് ജയലക്ഷ്മിയെ ഡിസിസി അധ്യക്ഷയാക്കാമെന്നും നേതൃത്വം കണക്കുക്കൂട്ടുന്നു.

ഐ സി ബാലകൃഷ്ണനെ ബത്തേരിയില്‍ നിന്നുമാറ്റി മാനന്തവാടിയില്‍ മല്‍സരിപ്പിക്കാന്‍ കോണ്ഗ്രസ് നീക്കം നടത്തിയെങ്കിലും പറ്റില്ലെന്ന് ബാലകൃഷ്ണന്‍ കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ ഐസി ബാലകൃഷ്ണന്‍ ബത്തേരിയില്‍ തന്നെ മത്സരിക്കും. ഇതോടെ മാനന്തവാടിയില്‍ ജയലക്ഷ്മിയല്ലെങ്കില്‍ ഇടവക ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് ഉഷാ വിജയനാകും മുന്‍ഗണന.

വയനാട്ടിലെ മറ്റൊരു മണ്ഡലമായ കല്‍പ്പറ്റയില്‍ ആരെ രംഗത്തിറക്കുമെന്നാണ് കോണ്‍ഗ്രസ് തലപുകഞ്ഞാലോചിക്കുന്നത്. കഴിഞ്ഞ തവണ അന്നു യുഡിഎഫിലായിരുന്ന എംവി ശ്രേയംസ്‌കുമാറാണ് മത്സരിച്ച് പരാജയപ്പെട്ടത്. ഇക്കുറി സീറ്റ് വേണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല.

Advertisment