ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് റദ്ദാക്കുന്നതിന്റെ തലേദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബി.സി.സി.ഐയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നതായി മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്റെ ആരോപണം; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് ഗാംഗുലി; വിവാദങ്ങളില്‍ പ്രതികരിച്ച് കോഹ്ലിയും

New Update

publive-image

ലണ്ടന്‍: ഇംഗ്ലണ്ട്- ഇന്ത്യ മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവത്തില്‍ പുതിയ ആരോപണവുമായി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍. ടെസ്റ്റ് തുടങ്ങുന്നതിന്റെ തലേദിവസം തന്നെ കോലി ബിസിസിഐക്ക് ഇ-മെയില്‍ സന്ദേശം അയച്ചിരുന്നതായി ഗോവര്‍ ആരോപിച്ചു.

Advertisment

സന്ദേശത്തില്‍ ടീമംഗങ്ങളുടെ മാനസികാവസ്ഥയും കോലി വിവരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കോലി സന്ദേശമയച്ചതെന്നും ഗോവര്‍ പറയുന്നു.

ഒന്നാം ദിവസത്തെ മത്സരം കാണാന്‍ ഞാനും മാഞ്ചസ്റ്ററിലെത്തിയിരുന്നു. കളി ആസ്വദിക്കുന്നതിനൊപ്പം മത്സരത്തെ കുറിച്ചും ആതിഥേയത്വത്തെ കുറിച്ചും കാണികളോട് സംസാരിക്കാമെന്നും ഞാന്‍ കരുതി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറിയിരുന്നു. മത്സരം റദ്ദു ചെയ്തു എന്നാണ് അറിഞ്ഞത്-ക്രിക്കറ്റ് ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗോവര്‍ പറയുന്നു.

അതേസമയം, മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്‍ കാരണമല്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞു. കൊവിഡ് ഭീതി കാരണം താരങ്ങള്‍ പിന്‍മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് ഇറങ്ങാൻ വിമുഖത കാട്ടിയതിനു താരങ്ങളെ കുറ്റം പറയാനാകില്ലെന്നും ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നെന്നും ഗാംഗുലി പറഞ്ഞു.

‘താരങ്ങളെ കുറ്റം പറയാനാകില്ല. ടീം ഫിസിയോ യോഗേഷ് പാർമർ താരങ്ങളുമായി അടുത്ത് ഇടപഴകിയിരുന്നു. നിതിൻ പട്ടേൽ കൂടി ക്വാറന്റീനിലായതോടെ താരങ്ങളുമായി പാർമറാണ് ഇടപഴകിയത്. അദ്ദേഹമാണു താരങ്ങൾക്കു മസാജ് ചെയ്തു നൽകിയിരുന്നത്. താരങ്ങളുടെ കോവിഡ് പരിശോധന പോലും അദ്ദേഹമാണു നടത്തിയത്. പാർമർ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതോടെ ഡ്രസിങ് റൂം ‍ഞെട്ടിത്തരിച്ചു.

തങ്ങൾക്കും കോവിഡ് പിടിപെട്ടിരിക്കുമെന്നു താരങ്ങൾ കരുതി. എല്ലാവരും ഭയന്നുപോയി. ബയോ ബബിളിൽ എല്ലാ സമയവും ചെലവഴിക്കുക എന്നത് ഒട്ടും എളുപ്പമല്ല. താരങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണം.’– ഗാംഗുലി ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

ദൗര്‍ഭാഗ്യകരം എന്നാണ് കോലി മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയ സംഭവത്തെ കുറിച്ച് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി പ്രതികരിച്ചത്. ''പരമ്പര നേരത്തെ അവസാനിപ്പിക്കേണ്ടി വന്നതിനെ നിര്‍ഭാഗ്യകരം എന്ന് മാത്രമാണ് പറയാന്‍ കഴിയൂ. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. ഏത് സമയത്തും എന്തും സംഭവിക്കാം.'' ആര്‍സിബിയുടെ ബോള്‍ഡ് ഡയറീസ് എന്ന പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി .

Advertisment