കോട്ടയം : ഇടതുമുന്നണി വിട്ട മാണി സി കാപ്പന്റെ നിലപാടില്‍ കടുത്ത പ്രതിഷേധവുമായി ഇടതുമുന്നണിയും. മുന്നണിയേയും ജനങ്ങളേയും വഞ്ചിച്ച കാപ്പന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അഞ്ചിന് പാലായില്‍ ഇടതുമുന്നണി പ്രകടനം നടത്തും. ഇന്നു രാവിലെ എന്‍സിപി പ്രവര്‍ത്തകര്‍ കാപ്പനെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
/sathyam/media/post_attachments/J5Sf3hqJKsd2vSOvJdbY.jpg)
മാണി സി കാപ്പനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാവിലെത്തെ പ്രതിഷേധ പ്രകടനത്തില്‍ ഇയര്‍ന്നു കേട്ടത്. മാണി സി കാപ്പാ, മൂരാച്ചി, തന്നെ വളര്‍ത്തിയതാരാടാ...തന്നെ തെരുവിലിറക്കി പകരം ചോദിക്കുമെന്നൊക്കെയായിരുന്നു പ്രവര്‍ത്തകരുടെ രോഷം കലര്‍ന്ന മുദ്രാവാക്യം.
ഗവണ്‍മെന്റ് ആശുപത്രി ജംഗഷ്‌നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ബെന്നി മൈലാടൂര്‍, ജോസ് കുറ്റിയാനിമറ്റം, ടിവി ബേബി എന്നിവര്‍ നേതൃത്വം നല്‍കി. കാപ്പനെ തോല്‍പ്പിക്കാന്‍ നടന്നവര്‍ക്കൊപ്പമാണ് കാപ്പന്‍ ഇപ്പോള്‍ പോകുന്നതെന്ന് ഓര്‍ക്കണമെന്നും നേതാക്കള്‍ കാപ്പനെ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം വരെ കാപ്പനൊപ്പമുണ്ടായിരുന്നവരാണ് ഈ നേതാക്കളെല്ലാം. കാപ്പന്റെ നിലപാടിനെതിരെ വൈകിട്ട് ഇടതുമുന്നണി നടത്തുന്ന പ്രകടനത്തിലും കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്താനാണ് ഇവരുടെ നീക്കം.
അതിനിടെ നാളെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ശക്തിപ്രകടനമായി ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്ത് മുന്നണിയില്‍ പ്രവേശിക്കാനാണ് കാപ്പന്റെ തീരുമാനം. ഇതിനായുള്ള അവസാന വട്ട ഒരുക്കവും കാപ്പന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നാളെ 1000 പ്രവര്‍ത്തകരോടൊപ്പം 250 ബൈക്കുകളുടെ അകമ്പടിയോടെയാണ് കാപ്പന്‍ യുഡിഎഫിന്റെ ഭാഗമാകാനൊരുങ്ങുന്നത്. 1000 പേര്‍ക്ക് ആളൊന്നിന് 1000 രൂപയും ഉച്ചയ്ക്കത്തെ ചിലവുമാണ് ഓഫര്‍ നല്‍കിയിട്ടുള്ളത്. ബൈക്ക് റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്നു ലിറ്റര്‍ പെട്രോളും ഒരു ദിവസത്തെ ചിലവുകാശും നല്‍കും.
ഇതിനായി മേഘാലയക്കാരായ ഒരു കമ്പനി പണം മുടക്കുന്നുണ്ടെന്നാണ് കാപ്പന്‍ വിരുദ്ധ ക്യാമ്പിന്റെ പ്രചാരണം. റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാനുള്ള കൊടികളൊക്കെ തയ്യറാക്കി കഴിഞ്ഞു. പാലാ നഗരത്തില്‍ ഇന്നു രാത്രി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരത്താനും കാപ്പന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പക്ഷേ കാപ്പന്റെ പ്രാദേശിക പിന്തുണ തീരെ കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന. കാപ്പനോടൊപ്പമുള്ള നേതാക്കള്‍ പത്തില്‍ താഴെ മാത്രമാണ്. കോട്ടയം ജില്ലാ നേതൃത്വം കൂടെയുണ്ടെന്നു പറയുമ്പോഴും അതും അത്ര ഉറപ്പൊന്നുമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us